ലാഹോർ: പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലാഹോറിലെ തെരുവുകൾക്ക് ഇന്നലെ പച്ചയും മഞ്ഞയും നിറമായിരുന്നു. നാലു വർഷത്തെ സ്വയം പ്രഖ്യാപിത വിദേശവാസത്തിനു ശേഷം ഇന്നലെ സ്വന്തം മണ്ണിൽ കാലുകുത്തിയ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വരവേൽക്കാൻ എത്തിയത് വൻ ജനാവലിയായിരുന്നു. സാമ്പത്തികമായും രാഷ്ട്രീയപരമായും വൻ പ്രതിസന്ധിയെ നേരിടുന്ന പാക്കിസ്ഥാന് കിട്ടിയ വയ് ക്കോൽ തുരുമ്പായാണ് ജനക്കൂട്ടം ആ 73 വയസ്സുകാരനെ കണ്ടത്.
ലഹോറിലെ മിനാർ ഇ പാകിസ്ഥാനിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.. “നിങ്ങളെന്നെ വഞ്ചിച്ചിട്ടില്ല.. ഞാൻ നിങ്ങളെയും വഞ്ചിച്ചിട്ടില്ല.. അധികാരത്തിൽനിന്ന് പുറത്താക്കിയവരോട് പ്രതികാരം ചോദിക്കാനല്ല വന്നത്. രാജ്യത്തിന്റെ ഭരണഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. അയൽരാജ്യങ്ങളുമായി പോരടിച്ചുകൊണ്ട് പുരോഗതിനേടാൻ കഴിയില്ല. മികച്ച വിദേശനയം രൂപീകരിക്കുകയും അയൽരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യണം. അദ്ദേഹം പറഞ്ഞു. ജനുവരിയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നവാസ് ( പിഎംഎൽ എൻ) പാർട്ടിക്ക് നേതൃത്വം നൽകാനാണ് അദ്ദേഹം എത്തിയത്.
വളരെ വികാര നിർഭരമായാണ് നവാസ് ഷെരീഫ് സംസാരിച്ചത്. ‘രാഷ്ട്രീയത്തിനു വേണ്ടി സ്വന്തം അമ്മയും ഭാര്യയും എനിക്കു നഷ്ടമായി. ഏഴു വർഷം തടവിൽ കഴിഞ്ഞു. ആ മുറിവുകളെല്ലാം പാക്ക് ജനതയ്ക്കായി ഞാൻ മറക്കുകയാണ്…’ അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫ് അഴിമതി കേസിൽ ഏഴ് വർഷം ശിക്ഷിക്കപ്പെട്ട് ലാഹോർ ജയിലിൽ കഴിയവെയാണ് ചികിത്സയ്ക്കായി 2019ൽ ലണ്ടനിലേക്ക് പോകുന്നത്. ജനുവരിയിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാസ് ഷെരീഫിന്റെ മടങ്ങിവരവ്. ദുബൈയില്‍ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ലാഹോറിലെത്തിയത്.
സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹ്ബാസ് ഷെരീഫാണ് ഇപ്പോൾ പാർട്ടി ചുമതല വഹിക്കുന്നത്. പകരം മകളും പാകിസ്താൻ മുസ്ലിം ലീഗ് (എൻ) പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റുമായ മറിയമായിരിക്കും തന്റെ രാഷ്ട്രീയ പിൻഗാമിയെന്ന് സൂചന നൽകുന്നതായിരുന്നു നവാസ് ഷെരിഫിൻ്റെ പ്രസംഗം. ‘ഞാൻ മണ്ണിന്റെ മകനാണ്, മറിയം മണ്ണിന്റെ മകളും’ എന്ന് നവാസ് ഷെരിഫ് പറഞ്ഞിരുന്നു.
മൂന്ന് തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫ് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ പ്രധാനമന്ത്രി പദം അലങ്കരിക്കാനോ സാധിക്കില്ല. എന്നാൽ കേസിൽ പുതിയ അപ്പീൽ നൽകാൻ പദ്ധതിയിടുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷക സംഘം അറിയിച്ചിരുന്നു. അറസ്റ്റിൽനിന്ന് സംരക്ഷണം നൽകികൊണ്ടുള്ള കോടതി ഉത്തരവ് ഈ മാസം 24ന് അവസാനിക്കും.
നവാസ് ഷെരീഫ് മടങ്ങിയെത്തിയപ്പോൾ നൽകിയ വിവിഐപി സുരക്ഷയെ എതിർകക്ഷിയായ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് ശക്തമായി വിമർശിച്ചിരുന്നു. ഒളിച്ചോടിയ ഒരു കുറ്റവാളി തിരിച്ചെത്തിയപ്പോൾ പഞ്ചാബ് സർക്കാരിന്റെയും ഫെഡറൽ ഏജൻസികളുടെയും സർവ സംവിധാനങ്ങളും ഉപയോഗിച്ചുവെന്നും ആരോപിച്ചിരുന്നു.
Nawaz Sharif addressed a mammoth rally in Lahore soon after he returned to the country ending four years of self-imposed exile in the UK