
മുംബൈ∙ മറാത്ത സംവരണ വിഷയം വീണ്ടും ചർച്ചയാകുന്നതിനിടെ മഹാരാഷ്ട്രയിലെ എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വീട് കത്തിച്ച് സംവരണ അനുകൂലികൾ. ബീഡ് ജില്ലയിലുള്ള പ്രകാശ് സോളങ്കെയുടെ വസതിക്കാണ് തീയിട്ടത്.
മറാത്ത സംവരണത്തിനായി സമുദായ നേതാവ് മനോജ് ജരാങ്കെ നടത്തുന്ന നിരാഹാര സമരത്തിനെതിരെ സോളങ്കെ നടത്തിയ പ്രസ്താവനയാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിൽ എംഎൽഎയും കുടുംബവും സുരക്ഷിതരാണ്. “ഞാൻ അകത്തുണ്ടായിരുന്നു, എന്റെ കുടുംബത്തിനോ ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ല. ഞങ്ങൾ സുരക്ഷിതരാണ്, പക്ഷേ വലിയ സ്വത്ത് നഷ്‌ടമുണ്ടായി,” എൻസിപി എംഎൽഎ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഒരു കൂട്ടം ആളുകൾ വീടിന് നേരെ കല്ലെറിയുന്നതും പിന്നീട് വലിയൊരു വാഹനം തീപിടുത്തത്തിൽ പൂർണ്ണമായും കത്തുന്നതും, കെട്ടിടത്തിൽ നിന്ന് ഭയാനകമാംവിധം വൻതോതിൽ കറുത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം.