മുംബൈ: പാരീസിൽ പുറത്തിറക്കിയ ‘ഇന്റർനാഷണൽ മൈഗ്രേഷൻ ഔട്ട്‌ലുക്ക്: 2023’ റിപ്പോർട്ട് പ്രകാരം ഒഇസിഡി അംഗരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ എത്തുന്നത് ചൈനയിൽ നിന്നാണെങ്കിൽ, പുതിയ കുടിയേറ്റക്കാരുടെ ‘പ്രവാഹം’ കണക്കിലെടുത്ത് ചാർട്ടിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. തിങ്കളാഴ്ചയാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) 38 അംഗരാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്. അവയിൽ മിക്കതും സമ്പന്ന-വികസിത രാജ്യങ്ങളാണ്. ഈ ഘടകങ്ങൾ തന്നെയാണ് കുടിയേറ്റ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്നു.
2021-ൽ, തുടർച്ചയായ രണ്ടാം വർഷവും, ഒഇസിഡി-അംഗ രാജ്യങ്ങളിലേക്ക് 4 ലക്ഷം പുതിയ കുടിയേറ്റക്കാരാണ് ഇന്ത്യയിൽ നിന്ന് എത്തിയിരിക്കുന്നത്. ഇതിൽ വിദ്യാർഥികൾ ഉൾപ്പെടില്ല. മൊത്തം കുടിയേറ്റക്കാരുടെ 7.5% ഇന്ത്യയിൽ നിന്നാണ്. 2019 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 3% വർദ്ധനവാണിത്. 2020 ലെ ഒഴുക്ക് 2.2 ലക്ഷത്തിൽ കുറവായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്ത് അതിർത്തികൾ അടച്ചതാണ് പോയ ആ വർഷങ്ങളിൽ കുടിയേറ്റക്കാരുടെ എണ്ണം കുറയാൻ കാരണമായത്. 2.3 ലക്ഷം പുതിയ കുടിയേറ്റക്കാരുമായി (അല്ലെങ്കിൽ മൊത്തം ഒഴുക്കിന്റെ 5.2%) ചൈന രണ്ടാം സ്ഥാനത്താണ്. തൊട്ടുപിന്നിൽ 2 ലക്ഷം കുടിയേറ്റക്കാരുമായി (മൊത്തം കുടിയേറ്റത്തിന്റെ 4%) റൊമാനിയയാണുള്ളത്.
ഇന്ത്യയുമായി ഉണ്ടാക്കിയ മൊബിലിറ്റി കരാറുകൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. “കുടിയേറ്റ തൊഴിലാളികളെ സജീവമായി റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന്, ഒഇസിഡി-അംഗങ്ങളായ നിരവധി രാജ്യങ്ങൾ ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുന്നത് തുടരുകയും തിരഞ്ഞെടുത്ത കുടിയേറ്റക്കാരുടെ ഉത്ഭവ രാജ്യങ്ങളുമായി മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തം നടത്തുകയും ചെയ്യുന്നു. പോർച്ചുഗൽ, ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ അടുത്തിടെ ഇന്ത്യയുമായുള്ള കുടിയേറ്റവും പുതിയ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് ജർമ്മനി ഇത്തരമൊരു ഉഭയകക്ഷി കരാറിൽ ഒപ്പുവെക്കുന്നത്. ഭാവിയിൽ മറ്റ് രാജ്യങ്ങളുമായുള്ള സമാന കരാറുകൾക്ക് മാതൃകയായി പ്രവർത്തിക്കാനാണ് ഈ കരാർ ഉദ്ദേശിക്കുന്നത്.” ഫിൻലാൻഡ്, ഫ്രാൻസ്, യുകെ എന്നിവയുമായി ഇന്ത്യ മുമ്പ് ഉഭയകക്ഷി കുടിയേറ്റ, മൊബിലിറ്റി കരാറുകൾ ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഉക്രേനിയൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, പുതിയ കുടിയേറ്റ പ്രവാഹങ്ങളുടെ ഒരു പുതിയ ചിത്രം ഉയർന്നുവരുന്നത് കാണാൻ കഴിയും. 2023 ജൂണിലെ കണക്കനുസരിച്ച്, ഒഇസിഡി അംഗരാജ്യങ്ങളിൽ 4.7 ദശലക്ഷം ഉക്രേനിയക്കാർ കുടിയിറക്കപ്പെട്ടു. ജർമ്മനി, പോളണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളാണ് യുക്രെയിനിൽ നിന്നുള്ള ഏറ്റവും കൂടുതൽ അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അന്തർദേശീയ വിദ്യാർത്ഥികളുടെ സ്ഥിരമായ ഒഴുക്ക് കൊണ്ട് ഒഇസിഡി-അംഗ രാജ്യങ്ങൾ നേട്ടമുണ്ടാക്കുന്നുണ്ട്. 2021ൽ ഒഇസിഡി അംഗരാജ്യങ്ങളിൽ 43 ലക്ഷം അന്താരാഷ്‌ട്ര വിദ്യാർഥികളാണ് എത്തിയത്. 2021ൽ ഒഇസിഡി അംഗരാജ്യങ്ങളിൽ 8.9 ലക്ഷം വിദ്യാർഥികളുള്ള ചൈന ആധിപത്യം പുലർത്തി. ഒഇസിഡി അംഗരാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2021ൽ 4.2 ലക്ഷം ആയിരുന്നു. 1.3 ലക്ഷം വിദ്യാർത്ഥികളുള്ള വിയറ്റ്നാം മൂന്നാം സ്ഥാനത്താണ്.
ഒഇസിഡിയിലെ ഏതാണ്ട് അഞ്ചിലൊന്ന് അന്താരാഷ്‌ട്ര വിദ്യാർത്ഥികളും ഉള്ളത് യുഎസിലാണ്. 8 ലക്ഷം അന്തർദ്ദേശീയ വിദ്യാർഥികളാണ് ഇവിടെ ഉള്ളത്. 14% (അല്ലെങ്കിൽ 6 ലക്ഷം) അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യുകെ ആതിഥേയത്വം വഹിച്ചു, ഓസ്‌ട്രേലിയ 9%, ഏകദേശം 3.8 ലക്ഷം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കും ആതിഥേയത്വം വഹിക്കുന്നു.