ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നില്ലെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നല്‍. നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്നും നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ബസന്‍ഗൗഡ പാട്ടീല്‍ യത്‌നലിന്റെ വിവാദ പരാമര്‍ശം.
മഹാത്മാഗാന്ധിക്കെതിരെയും എംഎല്‍എ വിവാദ പരാമര്‍ശം നടത്തി. നിരാഹാര സമരം കൊണ്ടും ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കാന്‍ പറഞ്ഞതുകൊണ്ടുമല്ല നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും മറിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് ജനിപ്പിച്ച ഭയമാണ് സ്വാതന്ത്ര്യ ലബ്ദിക്ക് കാരണമെന്നും ബസന്‍ഗൗഡ പാട്ടീല്‍ യത്‌നല്‍ പറഞ്ഞു.
‘നെഹ്റുവായിരുന്നില്ല ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, സുഭാഷ് ചന്ദ്രബോസായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു. ഏതാനും ഭാഗങ്ങളില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി. അവര്‍ക്ക് സ്വന്തമായി കറന്‍സിയും പതാകയും ദേശീയ ഗാനവും ഉണ്ടായിരുന്നു. നെഹ്റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയല്ല, നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന് പ്രധാനമന്ത്രി മോദി പറയുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.