ഏറ്റുമാനൂർ : ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയെ അയൽവാസി വാക്കത്തികൊണ്ട് വെട്ടി. തലയിലും മുഖത്തും കയ്യിലും വെട്ടേറ്റ ആർപ്പൂക്കര ഈസ്റ്റ് കുടകപറമ്പിൽ വിജിതയെ (35) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയും ഓട്ടോഡ്രൈവറുമായ ആർപ്പൂക്കര സ്വദേശി അനൂപ് (38) ആണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഒളിവിൽപോയ പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ആർപ്പൂക്കര വാര്യമുട്ടത്ത് ഇന്നലെ രാവിലെ 11.30ന് ആണു സംഭവം.
വിജിതയുടെ ഭർത്താവിനെ നേരത്തേ ആക്രമിച്ച കേസിൽ പ്രതിയായ അനൂപ് കഴിഞ്ഞ ദിവസമാണ് ആ കേസിൽ ജാമ്യത്തിലിറങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഇപ്പോൾ ഭർത്താവുമായി പിണങ്ങിക്കഴിയുകയാണു വിജിത. ഇവർ വീട്ടുജോലിക്കു പോയി മടങ്ങുംവഴിയാണ് അനൂപ് ആക്രമിച്ചത്. നിലവിളിച്ചു കൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ വിജിതയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിക്കു വിജിതയോടുള്ള ശത്രുതയുടെ കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.