ലാഹോർ: പാക്കിസ്ഥാന്റെ നിലവിലെ സാമ്പത്തിക ദുരിതങ്ങൾക്ക് കാരണം ഇന്ത്യയോ യുഎസോ അല്ല, മറിച്ച് പാക്കിസ്ഥാൻ തന്നെയാണെന്ന മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. രാജ്യത്തെ സൈനിക ഭരണത്തെ പരോക്ഷമായി വിമർശിക്കുകയാണ് നവാസ് ഷെരീഫ്.
വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന നവാസ് ഷെരീഫ്, 1993, 1999, 2017 വർഷങ്ങളിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ചും സംസാരിച്ചു.
“ഇന്ന് പാകിസ്ഥാൻ എത്തിനിൽക്കുന്ന സാമ്പത്തിക ദുരിതത്തിന് കാരണം ഇന്ത്യയോ യുഎസോ അഫ്ഗാനിസ്ഥാനോ പോലും അല്ല. സത്യത്തിൽ നമ്മൾ സ്വന്തം കാലിൽ തന്നെ വെടിവച്ചിരിക്കുകയാണ്.” ഷരീഫ് പറഞ്ഞു.
സൈനിക സ്വേച്ഛാധിപതികളെ നിയമപരമായി അംഗീകരിച്ചതിനെയും നവാസ് ഷെരീഫ് കുറ്റപ്പെടുത്തി.
“ജഡ്ജിമാർ അവരെ (സൈനിക സ്വേച്ഛാധിപതികൾ) മാല അണിയിക്കുകയും അവർ ഭരണഘടന ലംഘിക്കുമ്പോൾ അവരുടെ ഭരണം നിയമവിധേയമാക്കുകയും ചെയ്യുന്നു. ഒരു പ്രധാനമന്ത്രിയുടെ കാര്യം വരുമ്പോൾ ജഡ്ജിമാർ അദ്ദേഹത്തെ പുറത്താക്കുന്നു. പാർലമെന്റ് പിരിച്ചുവിട്ട നടപടി ജഡ്ജിമാരും അംഗീകരിക്കുന്നു… എന്തുകൊണ്ട്?” അദ്ദേഹം ചോദിച്ചു.