കാസർഗോഡ്: കാസർഗോഡ് സംയുക്ത ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ജനീവ കൺവെൻഷൻ ലംഘിച്ച നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹം വിമർശിച്ചു.
ഹമാസിനെ ഭീകരരെന്ന് വിളിക്കാനാകില്ലെന്നും തങ്ങളുടെ ഭൂമിയെയും ആളുകളെയും ജീവിതത്തെയും സംരക്ഷിക്കാൻ ആയുധമെടുത്തവരാണ് ഹമാസ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അവരെ ഭീകരരെന്ന് വിശേഷിപ്പിക്കുന്നതിനെ എതിർക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഇസ്ലാമിക ലോകം ഒരുമിച്ചാൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഒരു തരിപോലും കാണില്ല. പക്ഷേ, അവർ സമാധാനകാംക്ഷികളാണ്. അവർക്ക് ക്ഷമയും ആത്മസംയമനവും ഉണ്ട്. ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടതിനാലാണ് ഹമാസ് ആയുധമെടുത്തതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.