ന്യൂഡൽഹി: ചാർജ് ചെയ്യുന്ന ഐഫോണിന് സമീപം കിടന്നുറങ്ങരുതെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്. തീപിടിത്തം, ഇലക്ട്രിക് ഷോക്ക്, പരിക്ക് എന്നിവ ഒഴിവാക്കാൻ കൃത്യമായ വായുസഞ്ചാരമുള്ള സ്ഥലത്ത് ഫോൺ ചാർജിനിടണം എന്നാണ് ആപ്പിൾ പറയുന്നത്.
‘ഐഫോൺ, പവർ അഡാപ്റ്റർ അല്ലെങ്കിൽ വയർലെസ് ചാർജർ എന്നിവയ്ക്ക് മുകളിൽ ഉറങ്ങരുത്. ഫോൺ ചാർജിലിട്ട് പുതപ്പ്, തലയിണ, ശരീരം എന്നിവയ്ക്ക് താഴെ വയ്ക്കരുത്. നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രമേ ഐ ഫോൺ ചാർജ് ചെയ്യാവൂ’ – ഇതുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി.
ആപ്പിൾ ബ്രാൻഡ് ചാർജർ ഉപയോഗിക്കാത്തവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും കമ്പനി നൽകുന്നു. മെയ്ഡ് ഫോർ ഐ ഫോൺ ചാർജറുകൾ മാത്രമാണ് ഉപഭോക്താക്കൾ ഉപയോഗിക്കേണ്ടത്. അതാണ് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ചാർജറുകൾ. തേഡ് പാർട്ടി കേബിളുകൾ, പവർ അഡാപ്റ്ററുകൾ എന്നിവ പരിക്ക് മുതൽ മരണത്തിന് വരെ കാരണമാകാം. പൊട്ടിയ ചാർജറുകൾ ഉപേക്ഷിക്കണമെന്നും ആപ്പിൾ നിർദേശിക്കുന്നു.
ദ്രാവകത്തിനോ വെള്ളത്തിനോ അടുത്ത് ഫോണുകൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും ആപ്പിൾ നിർദേശിക്കുന്നു. ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ ചാർജ് ചെയ്യുന്നത് വൈദ്യുതാഘാതത്തിനും തീപിടിത്തത്തിനും കാരണമാകാം- കമ്പനി വ്യക്തമാക്കി.