പുതുവത്സരാഘോഷം; തലസ്ഥാനത്ത് കനത്ത പോലീസ് സുരക്ഷ

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കുമെന്ന് പോലീസ്. ആഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനായി തലസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. പുതുവര്‍ഷം ആഘോഷിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തുമെന്നതിനാല്‍ വന്‍ ഗതാഗതക്കുരുക്ക് തന്നെ പ്രതീക്ഷിക്കുന്നതായും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

തലസ്ഥാനത്ത് പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും നാഗരാജു പറഞ്ഞു. മാനവീയത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഡിജെ പാര്‍ട്ടി നടക്കുന്ന ഇടങ്ങളില്‍ ആളുകളുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കും. സിസിടിവി ക്യാമറകളും ഉറപ്പാക്കും. മുന്‍ വര്‍ഷങ്ങളില്‍ പുതുവത്സര ആഘോഷങ്ങളില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ടെന്നും 12 മണി കഴിഞ്ഞാല്‍ ബീച്ചിലേക്ക് പ്രവേശനം ഇല്ലെന്നും പൊലീസ് അറിയിച്ചു.

ആഘോഷപരിപാടികള്‍ക്കിടെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കോണ്‍ടാക്ട് നമ്പര്‍ പതിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗം കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.