മാന്‍ഹട്ടന്‍, (ന്യൂയോര്‍ക്): ഇസ്രയേല്‍-ഹമാസ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്. മാന്‍ഹട്ടനില്‍ നടന്ന ‘ദി ന്യൂയോര്‍ക്ക് സ്റ്റാന്‍ഡ് വിത്ത് ഇസ്രായേല്‍’ എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതനിടെയാണ് എറിക് ആഡംസ് ഇസ്രായേലിനെ പിന്തുണയ്ക്കാനും ഹമാസെന്ന ഭീകരസംഘടനയെ അപലപിക്കാനും ആഹ്വാനം ചെയ്തത്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എറിക് ആഡംസ് പറഞ്ഞു.
മാന്‍ഹട്ടന്റെ ഈസ്റ്റ് സൈഡില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഇസ്രായേലിനെ പിന്തുണച്ച് നടന്ന റാലിയില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു. മത നേതാക്കന്മാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും റാലിയില്‍ അണി ചേര്‍ന്നു. തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലില്‍ നടത്തുന്ന മാരകമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്കില്‍ റാലി സംഘടിപ്പിച്ചത്. ഇസ്രായേലിന് പുറത്തുള്ള ഏറ്റവും വലിയ ജൂത ജനസംഖ്യ ന്യൂയോര്‍ക്ക് നഗരത്തിലാണ്. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏകദേശം രണ്ട് ദശലക്ഷത്തോളം ജൂതന്മാര്‍ താമസിക്കുന്നുണ്ട്.