ആലപ്പുഴ: അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളം ദുബൈ പോലെയാകുമെന്ന് മന്ത്രി സജി ചെറിയാന്‍. 2024 ആകുമ്പോഴേക്കും ആരും പട്ടിണി കിടക്കാത്ത ലോകത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ദുബൈയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളത്തെ മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നവകേരള സദസ്സിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.
പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളം മാറുമ്പോഴും അമേരിക്കയില്‍ പട്ടിണി കിടക്കുന്നുവരുണ്ടാകുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ലോകത്തിലെ മികച്ച സാമ്പത്തിക വളര്‍ച്ചയുള്ള സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായാണ് നവകേരള സദസ്സ്. അതിലേക്ക് ജനങ്ങള്‍ ഒഴുകണം. പതിനായിരങ്ങള്‍ ഒഴുകിയെത്തണം.
ഈ സര്‍ക്കാരിനെതിരെ പറയുന്നതിലൊന്നും അടിസ്ഥാനമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇടത് മന്ത്രിസഭയിലെ ആര്‍ക്കെങ്കിലുമെതിരെ പരാതിയുമായി വരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പത്ത് പൈസയുടെ കടും ചായ വാങ്ങിക്കുടിച്ചു എന്നൊരു പരാതിയെങ്കിലും ഇടത് മന്ത്രിസഭാ അംഗങ്ങള്‍ക്കെതിരെ ആര്‍ക്കെങ്കിലും ഉണ്ടാകുമോ എന്നും മന്ത്രി വെല്ലുവിളിച്ചു.