ബെംഗളൂരു: ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാലിന്റെ മകന്‍ ശ്രേയസ് ഷിബുലാല്‍, മരുമകള്‍ ഭൈരവി മധുസൂദനന്‍ തുടങ്ങിയവര്‍ 436 കോടി രൂപ മൂല്യം വരുന്ന ഇന്‍ഫോസിസിന്റെ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ വിറ്റഴിച്ചു.
ശ്രേയസ് ഷിബുലാല്‍ 1,433.51 രൂപയുടെ 23,70,435 ഓഹരികള്‍ വിറ്റഴിച്ചു. ഇതിലൂടെ 339.80 കോടി രൂപ നേടി. ഓഹരി വില്‍പ്പനയ്ക്കു മുന്‍പ് ശ്രേയസിന് ഇന്‍ഫോസിസിന്റെ 2,37,04,350 ഓഹരികള്‍ (0.64) കൈവശമുണ്ടായിരുന്നു.
ഓഹരി വിറ്റതോടെ ഇനി 0.58 ശതമാനം അഥവാ 2,13,33,915 ഓഹരികളാണ് ശ്രേയസിന്റെ കൈവശമുണ്ടാവുക. ഭൈരവി മധുസൂദനന്‍ 1,432.96 രൂപയുടെ 6,67,924 ഓഹരികള്‍ വിറ്റഴിച്ചു. ഇതിലൂടെ 95.71 കോടി രൂപ നേടി.
2023 സെപ്റ്റംബര്‍ 30 വരെ ഭൈരവിക്ക് 66,79,240 ഓഹരികള്‍ അഥവാ 0.18 ശതമാനം ഓഹരികളാണ് ഇന്‍ഫോസിസില്‍ ഉണ്ടായിരുന്നത്. ഓഹരി വിറ്റതോടെ ഇനി 0.16 ശതമാനം അഥവാ 60,11,316 ഓഹരികളാണ് ഭൈരവിയുടെ കൈവശമുണ്ടാവുക. ഒക്ടോബര്‍ 19നാണ് ഓഹരികള്‍ വിറ്റത്.
സെപ്തംബര്‍ 30 വരെയുള്ള കണക്ക്പ്രകാരം, ഇന്‍ഫോസിസില്‍ എസ് ഡി ഷിബുലാലിന് 58,14,733 ഓഹരികള്‍ അഥവാ 0.16 ശതമാനം ഓഹരികള്‍ ഉണ്ട്. ഭാര്യ കുമാരി ഷിബുലാലിന് 52,48,965 ഓഹരികള്‍ അഥവാ 1.14 ശതമാനം ഓഹരികള്‍ ഉണ്ട്. മകള്‍ ശ്രുതി ഷിബുലാലിന് 27,37,538 ഓഹരികള്‍ അഥവാ 0.07 ശതമാനം ഓഹരികള്‍ ഉണ്ട്.