ജലന്ധര്‍: ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റീസ് നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്ത് ദേശീയ അന്വേഷണ ഏജന്‍സി (എഐഎ) കണ്ടുകെട്ടി. ഖാലിസ്താന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറുമായി ഗുര്‍പട്‌വന്ത് സിംഗ് പന്നുനിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. 2020ല്‍ ഇന്ത്യ ഭീകരരുടെ പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്തിയിരുന്നു. ജലന്ധറില്‍ നിജ്ജാറുടെ സ്വത്ത് കണ്ടുകെട്ടുന്നതായി എന്‍ഐഎ നോട്ടീസ് പതിച്ചു. പന്നൂനിന്റെ കേന്ദ്രങ്ങളിലെല്ലാം എന്‍ഐഎ തിരച്ചില്‍ തുടരുകയാണ്.
പന്നുനിന്റെ അമൃത്സര്‍ ജില്ലയിലെ ഖാന്‍കോട്ടിലുള്ള കൃഷിഭൂമി, പങ്കാളിത്തമുള്ള ചണ്ഡിഗഢ് സെക്ടര്‍ 15/സി, നമ്പര്‍ 2033 വീട് എന്നിവയാണ് കണ്ടുകെട്ടിയത്. യുഎപിഎ സെക്ഷന്‍ 33(5) പ്രകാരം പന്നുനവിന്റെ ആസ്തി കണ്ടുകെട്ടാന്‍ അനുമതി തേടി എന്‍ഐഎ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.
യുഎപിഎ നാലാം ഷെഡ്യുള്‍ പ്രകാരം പന്നൂനിനെ വ്യക്തിഗത ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പന്നൂനിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന എന്‍ഐഎ ആവശ്യപ്രകാരം സിബിഐ അയച്ച റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മടക്കിയിരുന്നു.
യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിഖ് മൗലികവാദികള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് സിഖ്സ് ഫോര്‍ ജസ്റ്റീസ്. 2019 ജൂലായ് 10ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. പഞ്ചാബില്‍ സ്വതന്ത്ര പരമാധികാര രാജ്യം സൃഷ്ടിക്കുകയാണ് സിഖ് ഫോര്‍ ജസ്റ്റീസിന്റെ ആവശ്യം. അതുകൊണ്ട് അവര്‍ ഖാലിസ്താനികളെ പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ പരമാധികാരത്തേയും ഭൂപ്രദേശത്തിന്റെ അവിഭാജ്യതയും ചോദ്യം ചെയ്യുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ഖാലിസ്താന്‍ അനുകൂലികളുടെ താവളങ്ങളില്‍ എന്‍ഐഎ പരിശോധന ശക്തമാക്കിയത്.