‘ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ക്ക് സന്താനനിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങളറിയാം’; വിവാദ പരാമര്‍ശവും പിന്നാലെ മാപ്പുമായി നിതീഷ് കുമാര്‍

പട്ന: ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ വിവാദപരാമര്‍ശത്തിന് മാപ്പു പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബുദ്ധിമതികളായ പെണ്‍കുട്ടികള്‍ക്ക് സന്താനനിയന്ത്രണത്തിനുള്ള മാര്‍ഗ്ഗം അറിയാമെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. ‘സ്ത്രീയും പുരുഷനും ഒന്നിച്ച് കിടന്നാല്‍ കുട്ടികള്‍ ഉണ്ടാകുമെന്നും പക്ഷെ ബുദ്ധിമതികളായ പെണ്‍കുട്ടികള്‍ അതിനുള്ള അവസരം ഒരുക്കില്ലെന്നും അവര്‍ക്ക് സന്താനനിയന്ത്രണത്തിനുള്ള ലൈംഗികബന്ധരീതി അറിയാമെന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.

ജാതി സെന്‍സസ് റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. എന്നാല്‍ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെ മുഖ്യമന്ത്രി മാപ്പു പറഞ്ഞ് തലയൂരി. ഇത്തരം പരാമര്‍ശങ്ങള്‍ പിന്തിരിപ്പന്‍ മാത്രമല്ലെന്നും സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെയും കുറിച്ചുമുള്ള അവബോധമില്ലായ്മ കൂടിയാണെന്നും പ്രതികരിച്ച ദേശീയ വനിത കമീഷന്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് അവശ്യപ്പെട്ടിരുന്നു.

പ്രസംഗത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി ഉപയോഗിച്ച നിന്ദ്യവും വിലകുറഞ്ഞതുമായ ഭാഷ നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തില്‍ ഒരു നേതാവിന് ഇത്ര പരസ്യമായി ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം സഹിക്കേണ്ടി വരുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂ. രാജ്യത്തിലെ എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാപ്പ് പറയണമെന്ന് ‘ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

അതേസമയം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പ്രസ്താവനയെന്നും ജനസംഖ്യാനിയന്ത്രണത്തിന് വിദ്യാഭ്യാസം ആവശ്യമാണെന്ന് താന്‍ ആവര്‍ത്തിക്കുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു. തന്റെ പ്രസ്താവന ആരെയെങ്കിലും വേനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ ഉന്നമനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.