
ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഖലിസ്ഥാന്‍ വാദികള്‍
തടഞ്ഞ സംഭവത്തില്‍ ക്രിമിനല്‍ കുറ്റമൊന്നുമില്ലെന്ന് സ്‌കോട്‌ലന്‍ഡ് പൊലീസ്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രത്യേകിച്ച ക്രിമിനല്‍ കുറ്റമൊന്നും കണ്ടെത്താനായില്ലെന്നാണ് സ്‌കോട്‌ലന്‍ഡ് പൊലീസ് വ്യക്തമാക്കിയത്.
സംഭവത്തില്‍ ഗുരുദ്വാര അധികൃതര്‍ ഖേദപ്രകടനം നടത്തിയിരുന്നു. ചെറിയൊരു വിഭാഗം തീവ്രചിന്താഗതിക്കാരാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നും അതില്‍ ഖേദമുണ്ടെന്നും ഗുരുദ്വാര പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗുരു ഗ്രന്ഥ് സാഹിബില്‍ സെപ്റ്റംബര്‍ 29നാണ് സംഭവം. ഗുരുദ്വാര മാനേജിംഗ് കമ്മിറ്റിയുടെ ക്ഷണപ്രകാരം എത്തിയ ഇന്ത്യന്‍ സ്ഥാനപതിയെയാണ് ഖലിസ്ഥാന്‍ വാദികള്‍ തടഞ്ഞത്.
ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്‌ഗോ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകര്‍ ദൊരൈസ്വാമിയെ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ‘സിഖ് യൂത്ത് യുകെ’ എന്ന സംഘടന പ്രചരിപ്പിച്ചിരുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ ഹൈക്കമ്മീഷണറുടെ കാറിന് സമീപം രണ്ട് പേര്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവരിലൊരാള്‍ ലോക്ക് ചെയ്ത കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഹൈക്കമ്മീഷണര്‍ തിരിച്ചു പോകുകയായിരുന്നു.