തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നോട്ട് നിരോധന കാലത്ത് ഉണ്ടായി. അന്ന് എത്രയൊക്കെ സഹകരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കാന്‍ സാധിക്കുമോ അതൊക്കെ കേന്ദ്രം ചെയ്തു. ഇപ്പോള്‍ സഹകരണ മേഖലയിലെ നിക്ഷേപത്തില്‍ കണ്ണുവെച്ച് ഈ മേഖലയെ പിടിച്ചെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആര്‍ക്കും ഒരു ആശങ്കയും വേണ്ട. പണം നിക്ഷേപിച്ചവരുടെ ഒരു ചില്ലി കാശുപോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘സഹകരണ മേഖലയിലെ നിക്ഷേപം മറ്റ് ചില സംഘങ്ങളിലൂടെ ആകർഷിക്കാൻ കഴിയുമോ എന്ന ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ചില മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ചിലതിന്റെ പരസ്യങ്ങളും വന്ന് തുടങ്ങിയിട്ടുണ്ട്. ആ പരസ്യങ്ങളിൽ ആകൃഷ്ടരായി നിക്ഷേപം അങ്ങോട്ടേക്ക് കിട്ടുമെന്നാണ് അവർ കരുതുന്നത്. എന്നാൽ ഇതൊന്നും കാരണം സഹകരണ മേഖലയുടെ ശേഷി നഷ്ടപ്പെട്ടിട്ടില്ല”, മുഖ്യമന്ത്രി പറഞ്ഞു.
ജനസദസും കേരളീയവും ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തിൽ മുഖ്യമന്തി എതിർപ്പും അറിയിച്ചു. കേരളത്തിൽ ഒന്നും നടക്കില്ല എന്നൊരു ചിത്രം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. നാടിനോടും ജനങ്ങളോടുമല്ല പ്രതിപക്ഷത്തിന് സ്നേഹമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂർ തട്ടിപ്പിൽ തൃശൂർ ജില്ലയിലെ നേതാക്കളെ എം വി ഗോവിന്ദൻ താക്കീത് ചെയ്തിരുന്നു. പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. മുതിർന്ന നേതാക്കൾക്കിൽ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Chief Minister Pinarayi Vijayan said that no one can destroy the cooperative sector in Kerala