‘ബാനറുകളും കൈക്കൂലിയും ഉണ്ടാകില്ല; ആവശ്യമെന്ന് തോന്നിയാൽ വോട്ടു ചെയ്യൂ’: നിതിൻ ഗഡ്കരി

മുംബൈ: തന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പോസ്റ്ററുകളോ കൈക്കൂലികളോ ഉണ്ടാകില്ലെന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. തന്റെ പ്രവർത്തനങ്ങൾ കണ്ട് മാത്രം ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയാൽ മതി എന്ന നിലപാടിലാണ് കേന്ദ്ര മന്ത്രി. തന്റെ ജോലി പൂർവാധികം ഭംഗിയായി പൂർത്തിയാക്കിയത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

“തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബാനറുകള്‍ ഉണ്ടാകില്ല. ആര്‍ക്കും കൈക്കൂലിയും നല്‍കില്ല. ആരെയും കൈക്കൂലി കൊടുക്കാന്‍ അനുവദിക്കുകയുമില്ല. പ്രചാരണത്തിനിടെ ആളുകള്‍ക്ക് ചായവിതരണവുമുണ്ടാകില്ല.”

മഹാരാഷ്ട്രയിലെ വാഷിമില്‍ മൂന്ന് ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊന്നുമില്ലെങ്കിലും തനിക്ക് വോട്ട് ചെയ്യുന്നവര്‍ അത് ചെയ്യും. അല്ലാത്തപക്ഷം അവര്‍ അങ്ങനെ ചെയ്യില്ല. പക്ഷേ നിങ്ങളെ എല്ലാവരെയും സേവിക്കാന്‍ തനിക്ക് സത്യസന്ധമായി കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് സമയത്തുള്ള ഓർമകൾ അദ്ദേഹം നേരത്തേയും പങ്കുവച്ചിട്ടുണ്ട്. ഒരിക്കൽ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാർക്ക് താൻ ആട്ടിറച്ചി നൽകിയെന്നും എന്നാൽ, അന്ന് താൻ പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ജൂലൈയിൽ പറഞ്ഞിരുന്നു. വോട്ടർമാരോടുള്ള വിശ്വാസവും സ്നേഹവും ഊട്ടിയുറപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide