ടെഹ്റാൻ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ റാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദി ഇറാനി ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു. ‘നര്‍ഗീസ് മുഹമ്മദിയെ മോചിപ്പിക്കുക’ എന്ന പേരില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇന്നലെ ലോകമെമ്പാടും കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിനെ പിന്തുണച്ചാണ് അവര്‍ ജയിലില്‍ നിരാഹാരം ആരംഭിച്ചത്.
51കാരിയായ നര്‍ഗീസിനെ ഹൃദയ, ശ്വാസകോശ പരിചരണത്തിനായി സ്‌പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇറാന്‍ ഭരണകൂടം തയാറായിട്ടില്ല. ഇറാന്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ നര്‍ഗീസ് അരനൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ നിരവധി അറസ്റ്റുകള്‍ നേരിട്ടു. 13 തവണ ജയിലില്‍ അടക്കപ്പെടുകയും അഞ്ചു തവണ കോടതി ശിക്ഷിക്കുകയും ചെയ്തു.
അടിച്ചമര്‍ത്തല്‍ നേരിടുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി അക്ഷീണ പോരാട്ടം നടത്തുന്ന ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗീസ് മൊഹമ്മദിക്കാണ് ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ വേളയിലും നര്‍ഗീസ് ജയിലിലാണ്. ജനാധിപത്യത്തിനുവേണ്ടിയും ഇറാനിലെ വധശിക്ഷയ്‌ക്കെതിരേയും നര്‍ഗീസ് നിരന്തരം പ്രവര്‍ത്തിച്ചുവരുകയാണ്.
സമാധാന നൊബേല്‍ ലഭിക്കുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറേനിയന്‍ വനിതയുമാണ് എന്‍ജിനിയറായ നര്‍ഗീസ് മൊഹമ്മദി. മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ ഇബാദിയാണ് സമാധാന നൊബേല്‍ (2003) നേടിയ ആദ്യ ഇറേനിയന്‍ വനിത.