പോക്‌സോ നിയമം: സമ്മതം നൽകാനുള്ള കുറഞ്ഞപ്രായം 18ൽ നിന്നും 16 ആക്കരുതെന്ന്‌ നിയമ കമ്മിഷൻ

ന്യൂഡല്‍ഹി: പോക്‌സോ നിയമ പ്രകാരം ശാരീരികബന്ധത്തിന്‌ അനുമതി നൽകാവുന്ന കുറഞ്ഞ പ്രായം 18ൽ നിന്നും 16 ആക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന്‌ നിയമ കമ്മിഷൻ റിപ്പോർട്ട്‌. കേന്ദ്ര നിയമമന്ത്രാലയത്തിന്‌ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ സമ്മതം നൽകാവുന്ന നിയമപരമായ പ്രായം കുറയ്‌ക്കണമെന്ന ആവശ്യത്തെ നിയമ കമ്മിഷൻ ശക്തമായി എതിർത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

ഇത്തരം കേസുകളിൽ പ്രതികളെ ശിക്ഷിക്കണോ വേണ്ടയോയെന്ന കാര്യം ജഡ്‌ജിമാരുടെ വിവേചനാധികാരത്തിന്‌ വിടണമെന്നാണ്‌ നിയമ കമ്മിഷൻ റിപ്പോർട്ട്‌ ശുപാർശ. ഒരോ കേസുകളുടെയും പ്രത്യേകസാഹചര്യങ്ങൾ സൂക്ഷ്‌മമായി വിശകലനം ചെയ്‌ത്‌ ജഡ്‌ജിമാർക്ക്‌ ഉചിതമായ തീരുമാനം എടുക്കാം. ഇരുഭാഗത്ത്‌ നിന്നും സമ്മതമുണ്ടായിരുന്നോ?, പങ്കാളികൾക്കിടയിൽ സ്‌നേഹബന്ധം ഉണ്ടായിരുന്നോ?, മൗനസമ്മതം ഉണ്ടോ? തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്‌ത്‌ ജഡ്‌ജിമാർക്ക്‌ അന്തിമനിഗമനങ്ങളിൽ എത്തിച്ചേരാവുന്നതാണെന്നും റിപ്പോർട്ട്‌ നിർദേശിക്കുന്നു.

പോക്‌സോ നിയമപ്രകാരം 18 വയസിന്‌ താഴെയുള്ളവരുടെ ശാരീരികബന്ധങ്ങൾ പരസ്‌പരസമ്മതത്തോടെയുള്ളതാണെങ്കിലും കുറ്റകൃത്യമാണ്‌. കൗമാരക്കാർക്കിടയിൽ ഉഭയസമ്മതമുണ്ടെങ്കിലും ശാരീരികബന്ധങ്ങൾ കുറ്റകരമാണെന്ന സാഹചര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇതിൽ ഭേദഗതി വേണമെന്നുള്ള ആവശ്യം ഉയർന്നിരുന്നു. സുപ്രീംകോടതിയിലും ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജികൾ നിലവിലുണ്ട്‌.

കൗമാരപ്രായക്കാർ പരസ്‌പരസമ്മതത്തോടെ വിവാഹിതരാകുന്ന സാഹചര്യങ്ങളിൽ മാതാപിതാക്കൾ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന്‌ ആവശ്യപ്പെടുന്നതും പൊലീസ്‌ കേസെടുക്കുന്നതും പതിവായിട്ടുണ്ടെന്ന്‌ വിവിധ എൻജിഒകളും സാമൂഹ്യപ്രവർത്തകരും ആരോപിച്ചു.

‘പാർട്‌ണേഴ്‌സ്‌ ഫോർ ലോ ഇൻ ഡെവലപ്പ്‌മെന്റ്‌’ എന്ന എൻജിഒ നടത്തിയ പഠനത്തിൽ നിയമപരമായ പ്രായത്തിൽ എത്താത്ത കൗമാരക്കാർ വിവാഹിതരാകുന്ന അവസരങ്ങളിൽ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ആവശ്യാനുസരണം എടുത്ത കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി കണ്ടെത്തലുണ്ട്‌. ‘നാഷണൽ ലോ സ്‌കൂൾ ഓഫ്‌ ഇന്ത്യാ യൂണിവേഴ്‌സിറ്റി’ റിപ്പോർട്ട്‌ പ്രകാരം ഇത്തരം കേസുകളിൽ ഭൂരിഭാഗത്തിലും 16 മുതൽ 18 വരെ പ്രായമുള്ള പെൺകുട്ടികൾ പ്രതികളായ ആൺകുട്ടികൾക്ക്‌ എതിരെ മൊഴി നൽകാൻ വിസമ്മതം രേഖപ്പെടുത്തിയ വസ്‌തുതയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഇത്തരം കേസുകളിൽ ഭർത്താവിന്‌ 20 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌.

കൗമാരക്കാർ പോക്‌സോ കേസുകളിൽ പ്രതികളാകുന്ന സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്ന്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

“പോക്‌സോ നിയമം 18 വയസിന്‌ താഴെയുള്ള എല്ലാ ശാരീരികബന്ധങ്ങെളും കുറ്റകരമാണെന്ന്‌ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കേസുകളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ ബന്ധത്തിന്‌ മുമ്പ്‌ പരസ്‌പരസമ്മതം ഉണ്ടായിരുന്നോയെന്ന വസ്‌തുത പലപ്പോഴും പരിഗണിക്കപ്പെടാറില്ല,” സുപ്രീംകോടതി ജുവനൈൽ ജസ്‌റ്റിസ്‌ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പറഞ്ഞു.

More Stories from this section

family-dental
witywide