ബെംഗളൂരു: മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ തന്റെ 19 എംഎൽഎമാരുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രസ്താവിച്ച കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമിക്ക് മറുപടിയായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. തനിക്ക് മുഖ്യമന്ത്രിയാകാൻ യാതൊരു തിടുക്കവുമില്ലെന്ന് ശിവകുമാർ വ്യക്തമാക്കി.
“ഞങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിച്ചത് കൂട്ടായ നേതൃത്വത്തിന്റെ കീഴിലാണ്. ഞങ്ങൾക്ക് നല്ല ഭരണം കാഴ്ചവയ്ക്കണം. എനിക്ക് മുഖ്യമന്ത്രിയാകാൻ തിരക്കില്ല. ഞാൻ ആരോടും, പാർട്ടി നേതൃത്വത്തോട് പോലും ഇത് ആവശ്യപ്പെട്ടിട്ടില്ല,” ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുള്ള തന്റെ പിന്തുണയും പാര്‍ട്ടി നേതൃത്വത്തോടുള്ള കൂറും ശിവകുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
“ഹൈക്കമാന്‍ഡിന്റെ ഏത് നിര്‍ദേശവും ഞങ്ങളനുസരിക്കും. സിദ്ധരാമയ്യ ഞങ്ങളുടെ നേതാവാണ്. സിദ്ധരാമയ്യയും ഇക്കാര്യം തന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ പ്രതിബദ്ധത,” ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടെ ശനിയാഴ്ചയാണ് കുമാരസ്വാമി പരിഹാസരൂപേണെ ജെഡിഎസിന്റെ 19 എംഎല്‍എമാര്‍ ശിവകുമാറിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഒരുവിഭാഗം ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന.