137 ദിവസങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി ലോക്സഭയിലേക്ക്; അംഗത്വം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. പാർലമെന്റ് വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ച തന്നെ വിജ്ഞാപനമിറക്കിയിരിക്കുകയാണ്.

മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചത്. 137 ദിവസങ്ങൾക്കു ശേഷമാകും രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക.

ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസപ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുക.

അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാന്‍ സ്പീക്കറെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സ്പീക്കര്‍ ഒഴിഞ്ഞുമാറുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടേറിയറ്റിന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കത്ത് നല്‍കിയിരുന്നു. രാഹുലിന്റെ അയോഗ്യത നീക്കാനുള്ള രേഖകള്‍ നേരിട്ട് കൈപ്പറ്റിയില്ലെന്നും കത്ത് തപാലില്‍ അയച്ചപ്പോള്‍ അതില്‍ സീല്‍വെക്കാന്‍ തയാറായില്ലെന്നും ആരോപണമുന്നയിച്ചിരുന്നു.

രാഹുലിന്‍റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനുള്ള തയാറെടുപ്പിലായിരുന്നു കോൺഗ്രസ്. ഇതിനിടയിലാണ് ഇപ്പോൾ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide