
വാഷിങ്ടണ്‍: ഗാസ കയ്യടക്കുന്നത് വന്‍ അബദ്ധമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് ഇസ്രയേല്‍. ഗാസ പിടിച്ചടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തങ്ങള്‍ ഇപ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെന്നും യുഎന്നിലെ ഇസ്രയേല്‍ പ്രതിനിധി ഗില്ലാര്‍ഡ് എര്‍ദന്‍ പ്രതികരിച്ചു. ഗാസ പിടിച്ചടക്കി അവിടെത്തന്നെ തുടരാന്‍ ഇസ്രയേല്‍ താല്‍പ്പര്യപ്പെടുന്നില്ല, യുദ്ധത്തിന് ശേഷം എന്ത് എന്നത് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇസ്രയേല്‍ പ്രതിനിധി പറഞ്ഞു.
ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗാസ കയ്യടക്കുന്നത് വന്‍ അബദ്ധമാകുമെന്ന് ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്. എല്ലാ പലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കുന്നവരല്ലെന്നും യുദ്ധത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ ഇസ്രയേല്‍ കടുത്ത ജാഗ്രത കാണിക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം ഹമാസിനെയും ഹിസ്ബുള്ളയേയും പോലുള്ള ഭീകരസംഘങ്ങളെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു. ഹമാസ് ഒരു കൂട്ടം ഭീരുക്കളാണെന്നും ജനങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ടാണ് അവര്‍ യുദ്ധം നടത്തുന്നതെന്നും യുദ്ധത്തിന്റെ നിയമം അനുസരിച്ചു തന്നെയാകും ഇസ്രയേല്‍ മുന്നോട്ടുപോകുക എന്നാണ് ഉറച്ച വിശ്വാസമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ആവശ്യമായതെല്ലാം കഴിവിന്റെ പരമാവധി തങ്ങള്‍ ചെയ്യുമെന്ന് എര്‍ദന്‍ പ്രതികരിച്ചു.