സന്ദർശക വീസയിലെത്തിയവർക്ക് മറ്റ് വീസയിലേക്ക് മാറാൻ രാജ്യം വിടണം; വീസാ നിയമങ്ങൾ മാറ്റി ഒമാൻ

മസ്‌കറ്റ്: പുതിയ വീസാ നിയമങ്ങളുമായി ഒമാൻ. രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ സ്ഥിരം വീസയിലേക്ക് മാറുന്നതിനുള്ള സംവിധാനം എടുത്തുകളഞ്ഞതോടെ, വീസാ മാറ്റത്തിന് ഇനി ഉയര്‍ന്ന തുക ചെലവഴിക്കേണ്ടിവരും.

ഒക്‌ടോബര്‍ 30നാണ് ഒമാനില്‍ വീസാ നിയമങ്ങളില്‍ മാറ്റം വരുത്തി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) ഉത്തരവിറക്കിയത്. ഒക്‌ടോബര്‍ 31ന് ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. സന്ദര്‍ശക, ടൂറിസ്റ്റ് വീസകളിലെത്തി തൊഴില്‍ വീസയിലേക്കോ ഫാമിലി ജോയിന്‍ വീസയിലേക്കോ മാറുന്നവര്‍ ഇനി രാജ്യം വിട്ട് മടങ്ങിവരേണ്ടിവരും.

വിദേശികള്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി തൊഴില്‍ വീസയിലേക്കോ ഫാമിലി ജോയിന്‍ വീസയിലേക്കോ മാറുന്ന സംവിധാനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നേരത്തെ 50 റിയാല്‍ നല്‍കി രാജ്യത്ത് നിന്നു തന്നെ വീസ മാറാന്‍ സാധിച്ചിരുന്നു. ഇനി അങ്ങിനെ ഉള്ളവര്‍ രാജ്യത്തിന് പുറത്തു പോയതിന് ശേഷം മാത്രമേ വീസ ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് ആര്‍ഒപി അറിയിച്ചു.

മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന സംവിധാനമാണ് അധികൃതര്‍ പിന്‍വലിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ യുഎ ഇയിലേക്കോ സ്വന്തം നാടുകളിലേക്കോ മടങ്ങിയാണ് സ്ഥിരം വീസയിലേക്ക് മാറിയിരുന്നത്. പിന്നീട്, നടപടി എളുപ്പമാക്കി രാജ്യത്ത് നിന്ന് തന്നെ വീസ മാറാന്‍ അധികൃതര്‍ സൗകര്യമൊരുക്കുകയായിരുന്നു. ഈ സംവിധാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

അതേസമയം, ഒമാനില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വീസ അനുവദിക്കിക്കുന്നതും ഒമാൻ താത്കാലികമായി നിര്‍ത്തിവെച്ചു. ഒക്‌ടോബര്‍ 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, നിലവില്‍ ഒമാനില്‍ തൊഴില്‍, താമസ വീസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വീസ പുതുക്കി നല്‍കും. ഒമാനില്‍ ഏറ്റവും കൂടുതൽ പ്രവാസികള്‍ ഉള്ളത് ബംഗ്ലാദേശില്‍ നിന്നാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

More Stories from this section

family-dental
witywide