എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ ഇന്ത്യയിൽ എത്തി. ഇന്ന് സിബിഐ മേധാവി പ്രവീൺ സൂദുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പൌരനായ ഖലിസ്ഥാൻ വാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന് അമേരിക്ക ആരോപണം ഉന്നയിക്കുകയും നിഖിൽ ഗുപ്ത എന്ന ഗുജറാത്ത് സ്വദേശിയെ ഇന്ത്യൻ ഏജൻ്റ് എന്ന് ആരോപിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എഫ്ബിഐ ഡയറക്ടറുടെ സന്ദർശനം.
കുറ്റവാളികളുടെ കൈമാറ്റം, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്ര ധാന വിഷയങ്ങൾ സിബിഐ ഡയറക്ടറുമായി ചർച്ച ചെയ്തു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) തലവനുമായും റോയുടെ മേധാവിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും.
മൂന്നു ദിവസം അദ്ദേഹം ഇന്ത്യയിലുണ്ടായിരിക്കും. അമേരിക്കയിലുള്ള ഖലിസ്ഥാൻ അനുകൂല വാദികളുടെ സാന്നിധ്യം, ഇന്ത്യയുടെ വാണ്ടഡ് പട്ടികയിലുള്ള കുറ്റവാളികളുടെ നാടുകടത്തൽ, അനധികൃതമായി അമേരിക്കൻ അതിർത്തി കടന്നെത്തുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ദേശസുരക്ഷ എന്നതാണ് ഏറ്റവും പ്രധാനമായും ഇരു രാജ്യങ്ങളും ചർച്ച ചെയ്യുന്ന വിഷയം.
On 3-day visit, FBI director Christopher Wray meets CBI chief; top security, intel officials next