ഹൈദരാബാദ്: ബാബറി മസ്ജിദ് തകർത്തതിൽ ബിജെപിയെയും ആർഎസ്എസിനെയും പോലെ കോൺഗ്രസിനും തുല്യ പങ്കുണ്ടെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി. രാമക്ഷേത്ര വിഷയത്തിൽ രാജീവ് ഗാന്ധിയുടെ പങ്കിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസിന് കമൽനാഥ് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് ഉവൈസി രംഗത്ത് വന്നത്.
അയോധ്യയിൽ രാമക്ഷേത്രത്തിന് വഴി തുറന്നത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നായിരുന്നു കമൽ നാഥ് അഭിമുഖത്തിനിടെ പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് അവകാശപ്പെടാനാവില്ലെന്നും രാജീവ് ഗാന്ധിയുടെ പങ്ക് മറക്കരുത് എന്നും കമൽനാഥ് തുടർന്നു.
ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തെ താൽകാലിക രാമക്ഷേത്രത്തിന്റെ പൂട്ടുകൾ രാജീവ് ഗാന്ധിയാണ് തുറന്നത്. നമ്മൾ ചരിത്രം മറക്കരുത് എന്നും കമൽനാഥ് സൂചിപ്പിക്കുകയുണ്ടായി. രാമക്ഷേത്രം ഏതെങ്കിലും ഒരു പാർട്ടിയുടെയോ വ്യക്തിയുടെയോ സ്വത്തല്ലെന്നും മറിച്ച് രാജ്യത്തിലെ ഓരോ പൗരന്റെതുമാണെന്നും ക്ഷേത്രം തങ്ങളുടെ സ്വത്തായി തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും കമൽനാഥ് ആരോപിച്ചു. 1991ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ അയോധ്യയിൽ നിന്നാണ് രാജീവ് തന്റെ പ്രചാരണം ആരംഭിച്ചത്. രാമരാജ്യം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തു. മസ്ജിദിന് കേടുപാടുകൾ വരുത്താതെ തർക്ക സ്ഥലത്ത് ക്ഷേത്രം പണിയുമെന്നായിരുന്നു പാർട്ടിയുടെ പ്രകടനപത്രികയിൽ അവകാശപ്പെട്ടതെന്നും കമൽനാഥ് ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയുമായാണ് ഒവൈസി രംഗത്തുവന്നത്. കമൽനാഥിന്റെ വാക്കുകൾ ബാബരി മസ്ജിദ് തകർത്തതിൽ കോൺഗ്രസിന്റെ പങ്ക് ഊട്ടിയുറപ്പിക്കുകയാണെന്നായിരുന്നു ഒവൈസിയുടെ വിമർശനം. തെലങ്കാനയിൽ നവംബർ 30ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പത് മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്നും ഒവൈസി അറിയിച്ചു.