കാനഡയില്‍ ഒരു ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെട്ടു, കാനഡയിലെ വീസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യ – കാനഡ ബന്ധം പ്രതിസന്ധിയിലായിരിക്കെ കാനഡയില്‍ ഒരു ഖലിസ്ഥാന്‍വാദി നേതാവു കൂടി കൊല്ലപ്പെട്ടു. സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. രണ്ടു ഗ്യാങ്ങുകള്‍ തമ്മിലുള്ള സംഘട്ടനം കൊലപാതകത്തില്‍ അവസാനിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ദേവിന്ദർ ബാംബിഹ എന്ന അറിയപ്പെടുന്ന സംഘത്തിൽപ്പെട്ടയാളാണ് ഇയാള്‍.

വിന്നിപെഗിൽ ബുധനാഴ്ച രാത്രിയിലാണു കൊലപാതകം നടന്നത്. വ്യാജരേഖകളുമായി 2017ലാണ് സുഖ ദുൻകെ ഇന്ത്യയിൽനിന്നു കാനഡയിലെത്തിയത്. ഇയാൾക്കെതിരെ ഏഴു ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഇതിനിടെ കാനഡയിലെ എല്ലാ വീസ സേവനങ്ങളും ഇന്ത്യ നിര്‍ത്തിവച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍നിന്ന് ഇനി ഇന്ത്യയിലേക്കുള്ള വരവ് തല്‍ക്കാലത്തേക്ക് സാധ്യമല്ല.

അതിനിടെ സുഖ്ദൂല്‍ സിങ്ങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകവും നടത്തിയത് ബിഷ്ണോയ് ഗ്യാങ്ങായിരുന്നു. തിഹാര്‍ ജയിലിലാണ് ഇയാള്‍ . എന്നാല്‍ ഏതാണ്ട് 700ല്‍ പരം ഷൂട്ടേഴ്സ് ഉള്‍പ്പടെ അതിവിപുലമായമായ ഗ്യാങ് ഇയാള്‍ക്ക് ഉണ്ട്.

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രയും വഷളാക്കിയത്.ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡ –യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഖലിസ്ഥാൻ വിഷയത്തിൽ കാനഡയുമായുള്ള നയതന്ത്രബന്ധം മോശമായതിനു പിന്നാലെ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു.

More Stories from this section

family-dental
witywide