
കോഴിക്കോട്: നവകേരള സദസില്‍ പരാതി നല്‍കുന്നവരോട് ഗ്രാമസഭയില്‍ പരാതി അവതരിപ്പിക്കാന്‍ മറുപടി നല്‍കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി തദ്ദേശ വകുപ്പ്. കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് തദ്ദേശ വകുപ്പ് മറുപടിയുടെ മാതൃക നല്‍കിയത്. റോഡ് പുനരുദ്ധാരണം, തെരുവ് വിളക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ക്കാണ് വകുപ്പ് നിര്‍ദേശിച്ച പ്രകാരം മറുപടി നല്‍കേണ്ടത്.
അതേസമയം ഓരോ മണ്ഡലത്തിലെയും നവകേരള സദസ്സില്‍ ലഭിക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളതെന്നും എല്ലാ പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കുമെന്നും പരാതി തീര്‍പ്പാകുന്ന മുറയ്ക്ക് തപാലില്‍ അറിയിക്കുകയും ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.
രസീത് നമ്പരോ, പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ പരാതികളുടെ സ്ഥിതി navakeralasadas.kerala.gov.in വഴി അറിയാന്‍ സാധിക്കും.
പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ല ഓഫീസര്‍മാര്‍ വകുപ്പ് മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകര്‍ക്ക് ഇടക്കാല മറുപടിയും നല്‍കും എന്നും സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.