ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് : കേരളത്തില്‍ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി, 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ വളര്‍ച്ചയും ഇത്തരം തട്ടിപ്പുകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച കേസുകളില്‍ പലപ്പോഴും നഷ്ടപ്പെട്ട പണം പൂര്‍ണ്ണമായോ ഭാഗീകമായോ തിരിച്ചെടുക്കാന്‍ കഴിയാത്തത് ഇരകളെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുന്നുണ്ട്.

കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട പത്മകുമാറും കുടുംബവും ലോണ്‍ ആപ്പു വഴി പണമെടുത്തതായും ഇത് വലിയ സാമ്പത്തിയ ബാധ്യതയിലേക്ക് കുടുംബത്തെ നയിച്ചെന്നും ഇതാണ് കേസിലേക്കെത്തിച്ചതെന്നും വിവരമുണ്ട്.

ഈ സാഹചര്യമൊക്കെ കണക്കിലെടുത്ത് നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളും അധികൃതര്‍ നിര്‍ജ്ജീവമാക്കി. ഈ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു.

മൊബൈല്‍ ഫോണുകള്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐ എം ഇ ഐ നമ്പരുകള്‍ ഉള്‍പെടുത്തി കേരള പൊലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യയാണ് (ട്രായ്) നടപടിയെടുത്തത്.

കേരളത്തില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. 173 ലോണ്‍ ആപ്പുകളും നിരോധിച്ചു. ലോണ്‍ ആപ്പില്‍ നിന്നും പണം എടുക്കുകയും തിരിച്ചടവില്‍ മുടക്കം വന്നാല്‍ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നല്‍കുന്നതും പതിവാക്കിയിരുന്നു ഇത്തരം തട്ടിപ്പു സംഘങ്ങള്‍. ചതിക്കുഴികളില്‍ വീണ് കരകയറാന്‍ കഴിയാത്ത പലരും ആത്മഹത്യ ചെയ്ത സംഭവവും സംസ്ഥാനത്ത് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide