കാനഡ ഭീകരവാദികള്‍ക്ക് താവളം നല്‍കുന്നു: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

ന്യൂയോര്‍ക്: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് വഷളായ ഇന്ത്യ – കാനഡ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കെ നിലപാടില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാതെ ഇന്ത്യ. കാനഡ പ്രധാമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ന് നിലപാട് മയപ്പെടുത്തുകയും ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നെന്ന് വ്യ ക്തമാക്കുകയും ചെയ്തു. എന്നാല്‍ കാനഡക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ ഇന്നും ആഞ്ഞടിച്ചു. കാനഡ ഭീകരവാദത്തെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് അഭയം നൽകുന്നുവെന്നാണ് ജയ്ശങ്കറിന്റെ ആരോപണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ വിദേശ കാര്യ മന്ത്രിയുടെ പ്രതികരണം. കനേഡിയൻ രാഷ്ട്രീയത്തിന്റെ ഭാ​ഗമായാണ് ഭീകരവാദികൾക്കും മറ്റും അവിടെ അഭയം നൽകിയത്. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽ നിരവധി വർഷങ്ങളായി ഇന്ത്യയും കാനഡയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. കാനഡ ഭീകരവാദത്തേയും അക്രമത്തേയും മനുഷ്യക്കടത്തിനേയും പ്രോല്‍സാഹിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

‘‘കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉയർത്തി. ഇന്ത്യ മറുപടിയും നൽകി. ജസ്റ്റിൻ ട്രൂഡോ നടത്തിയ ആരോപണങ്ങൾ ഇന്ത്യയുടെ നയമല്ല. കനേഡിയൻ സർക്കാരിന് കൃത്യമായ വിവരങ്ങളുണ്ടെങ്കിൽ പരിശോധന നടത്താം.സംഭവത്തെക്കിറിച്ച് യുഎസിനുള്ള കാഴ്ചപ്പാടുകളും നിഗമനങ്ങളും അവർ അറിയിച്ചു. നമുക്കുള്ള ആശങ്കകൾ അവരോടും പങ്കുവച്ചു.” അദ്ദേഹം പറഞ്ഞു.

നിഷ്‌ക്രിയമായിരുന്ന പല ഭീകരശക്തികളും വീണ്ടും സജീവമായിരിക്കുന്നു. അതിന് അനുവാദം നല്‍കുന്ന സമീപനമാണ് കാനഡ സ്വീകരിക്കുന്നത്. ഭീകരര്‍ക്കും അക്രമം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരം, രാഷ്ട്രീയ താല്‍പര്യം കണക്കിലെടുത്തു കാനഡ ഒരുക്കുകയാണ്. അമേരിക്കയ്ക്കു കാനഡയെക്കുറിച്ചു വ്യത്യസ്തമായ കാഴ്ചപ്പാടാവും ഉണ്ടായിരിക്കുക. എന്നാല്‍ ഇന്ത്യക്ക് അങ്ങനെയല്ല. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ കാനഡയില്‍ ഒട്ടും സുരക്ഷിതരല്ല. കാനഡയിലെ എംബിസികളിലും കോണ്‍സുലേറ്റുകളിലും സുരക്ഷിതമായി അവര്‍ക്കു പോകാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വീസ സര്‍വീസ് നിര്‍ത്തിവച്ചത്.

ഇന്ത്യ കാനഡ തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പരാമർശം.ഇന്ത്യ ഒരു പാശ്ചാത്യ രാജ്യമല്ല, എന്നാൽ പാശ്ചാത്യ വിരുദ്ധവുമല്ലെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിക്കിടെ എസ് ജയ്‌ശങ്കറും ആന്റണി ബ്ലിങ്കനും ഇന്ന് പുലര്‍ച്ചെയാണ് കൂടിക്കാഴ്ച നടത്തിയത്. കാനഡ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തില്‍ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ കാനഡ വിഷയം ഒഴിച്ചു നിര്‍ത്തി ഇന്തോ-അമേരിക്കന്‍ നയതന്ത്ര വിഷയങ്ങള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ വിഷമായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More Stories from this section

family-dental
witywide