മുഖ്യമന്ത്രി ക്രിമിനൽ, രാജിവച്ച് മാപ്പുപറയണം: വി.ഡി. സതീശൻ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കൊടും ക്രിമിനലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി രാജിവച്ച്‌ പൊതുജനത്തോട് മാപ്പ് പറയണം, മുഖ്യമന്ത്രികസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം – സതീശൻ ആവശ്യപ്പെട്ടു. ആലുവയിൽ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

അക്രമത്തിന് പൊലീസ് കേസ് എടുത്തവർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്തിന് പൊലീസ് കേസ് എടുക്കണം.ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ച് ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നത്. അതിൽ ഓരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരു പെൺകുട്ടിയുടെ കൈ ഒടിഞ്ഞു. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. എന്തൊരുനികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു.

നവകേരള സദസില്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പിരിവ് നടത്തിച്ചാണോ പാര്‍ട്ടിപ്പരിപാടി നടത്തുന്നത്. പഞ്ചായത്തില്‍ ജനങ്ങള്‍ അടയ്ക്കുന്ന നികുതി എടുത്ത് പാര്‍ട്ടി പരിപാടി നടത്തുകയാണ്. ഈ പരിപാടിയില്‍ മന്ത്രിമാര്‍ക്ക് ഒരു റോളുമില്ല.

കക്ഷിനേതാക്കളായ മന്ത്രിമാരെ മാത്രമാണ് പ്രഭാത ഭക്ഷണത്തിന് പോലും ക്ഷണിക്കുന്നത്. മറ്റുള്ളവര്‍ മുറികളിലിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ഭരണവും നടക്കുന്നില്ല. ഒരു പരാതി പോലും ഒരു മന്ത്രിയും വാങ്ങുന്നില്ല. അഞ്ച് മാസം മുന്‍പ് അദാലത്ത് നടത്തി വാങ്ങിയ പരാതികള്‍ കെട്ടഴിച്ചുപോലും നോക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Opposition leader calls CM Pinarayi Vijayan a Criminal

More Stories from this section

family-dental
witywide