
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് ആക്രമണത്തെ പിന്തുണയ്ക്കുന്നത് അതിക്രമത്തേക്കാള്‍ ഗൗരവതരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാന്‍ കഴിയുകയെന്നും മോദി ചോദിച്ചു.
പാര്‍ലമെന്റിലുണ്ടായ ആക്രമണത്തിന് നേരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കൂട്ടായി അപലപിക്കേണ്ടതായിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ശേഷം അംഗങ്ങളോട് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും മോദി നിര്‍ദേശിച്ചു.
നിയമസഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിയുടെ നിരാശയിലാണ് പ്രതിപക്ഷമെന്നും അതിന്റെയെല്ലാം ഭാഗമായാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സീറ്റുകള്‍ ഇനിയും കുറയുമെന്നും ബിജെപി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.