വലേരി ടിന്‍ഡാല്‍ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് അയല്‍ക്കാരനായ 59 കാരന്‍ പാട്രിക് സ്‌കോട്ട് പൊലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷ്ടിച്ച് നൂറുമീറ്റര്‍ മാത്രം അകലെയായിരുന്നു വലേരിയുടെ വീട്.
ഇന്ത്യാന: ആറുമാസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ത്യാനയില്‍ നിന്നും കാണാതായ പതിനേഴുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടുമുറ്റത്തു നിന്നും കണ്ടെത്തി. വലേരി ടിന്‍ഡാല്‍ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് അയല്‍ക്കാരനായ 59 കാരന്‍ പാട്രിക് സ്‌കോട്ട് പൊലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷ്ടിച്ച് നൂറുമീറ്റര്‍ മാത്രം അകലെയായിരുന്നു വലേരിയുടെ വീട്.
പാട്രിക്കിന് പുല്‍ത്തകിടി വെട്ടുന്ന ജോലിയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയും ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നു. പാട്രിക്കിനെ വലേരിക്കും കുടുംബത്തിനും വിശ്വാസമായിരുന്നു. പോരാത്തതിന് ഇയാളുടെ കൊച്ചുമകള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുമായിരുന്നു.
ജൂണ്‍ 7 ന്, താന്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അന്നാണ് വീട്ടുകാര്‍ അവളെ അവസാനമായി കണ്ടത്. പിന്നീട് ആറുമാസം നീണ്ട തിരച്ചിലായിരുന്നു. വലേരിക്കായുള്ള തിരച്ചിലിന്റെ ഒരു ഘട്ടത്തില്‍ പൊലീസ് നായ സ്‌കോട്ടിന്റെ വീട്ടുമുറ്റത്തുവരെ എത്തി. പക്ഷേ തുമ്പൊന്നും കിട്ടാതെ മടങ്ങി. വീണ്ടുമൊരു തിരച്ചില്‍ക്കൂടി നടത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് ഒരു മണ്‍കൂന കണ്ടെത്തിയത്. തുടര്‍ന്ന് അവിടം കുഴിച്ചു നോക്കിയ അന്വേഷണ സംഘത്തിന് കിട്ടിയത് ദ്രവിച്ചുപോയ മൃതദേഹാവശിഷ്ടങ്ങളായിരുന്നു. അതില്‍ നിര്‍ണ്ണായകമായത് ഓഞ്ചുനിറത്തിലുള്ള നെയില്‍ പോളീഷുള്ള നഖങ്ങളായിരുന്നു. വലേരി തന്റെ സോഷ്യല്‍ മീഡിയയിലിട്ട അവസാന ചിത്രങ്ങളില്‍ ഇതേ നിറത്തിലുള്ള നെയില്‍ പോളീഷ് ആണെന്ന കണ്ടെത്തലാണ് കേസില്‍ നിര്‍ണ്ണായകമായതും പ്രതിയെ അറസ്റ്റു ചെയ്തതും.
ഇരുവരും സുഹൃത്തുക്കളെ പോലെയായിരുന്നെന്നാണ് വലേരിയുടെ അമ്മ പറയുന്നത്.
അതേസമയം, കൊല്ലപ്പെട്ട ദിവസം പെണ്‍കുട്ടി തന്റെ മുറിയിലെത്തിയെന്നും പുതിയ കാര്‍ വാങ്ങിത്തരണമെന്ന് വാശി പിടിക്കുകയും തന്നെ ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്‌തെന്നാണ് സ്‌കോട്ടിന്റെ മൊഴി. ഗത്യന്തരമില്ലാതെ ബല്‍റ്റുപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് അവളെ കൊലപ്പെടുത്തിയതെന്നും, വീട്ടിലുണ്ടാക്കിയ തടിപ്പെട്ടിയിലാക്കി അവളുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടുവെന്നുമാണ് അയാള്‍ കുറ്റസമ്മതം നടത്തിയത്.