സുൽത്താൻ ബത്തേരി: വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടാൻ ഉത്തരവ്. ജീവനോടെ പിടികൂടാനായില്ലെങ്കിൽ കൊല്ലാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. കടുവ നരഭോജിയാണെന്ന് ഉറപ്പിച്ച ശേഷമാകും നടപടി. കടുവയെ വെടിവെച്ചു കൊല്ലാൻ തീരുമാനിച്ചതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാൻ സൗത്ത് വയനാട് ഡിഎഫ്ഒ അനുമതി തേടിയിരുന്നു. കണ്ണൂര്‍ സിസിഎഫ് വഴിയാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ശനിയാഴ്ച രാത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് കൂടല്ലൂരിൽ വയലിൽ പുല്ലരിയാൻ പോയ ക്ഷീരകർഷകൻ പ്രജീഷിനെ കടുവ ആക്രമിച്ചു കൊന്നത്. കടുവയെ മയക്കുവെടിവെക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെടിവെച്ചുകൊല്ലാൻ ഉത്തരവിറങ്ങുന്നത് വരെ ഉപവാസ സമരവും പ്രഖ്യാപിച്ചിരുന്നു.
ബത്തേരിക്ക് സമീപം വാകേരി, കൂടല്ലൂര്‍ ,മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രജീഷ് പാടത്ത് പുല്ല് വെട്ടാൻ പോയത്. വൈകിട്ട് പാല് കൊടുക്കുന്ന സമയത്തും പ്രജീഷിനെ കണ്ടില്ല. പിന്നാലെ സഹോദരന്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വൈകിട്ട് നാലരയോടെ ആക്രമിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും കടുവയെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിറങ്ങുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ.