ജെറുസലേം: ഹമാസ് നടത്തിയ ആക്രമണത്തെ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോട് ഉപമിച്ച് ഇസ്രയേൽ. ഇത് തങ്ങളുടെ 9/11 ആണെന്നും തങ്ങളുടെ രാജ്യത്തിന്റെ ഉന്മൂലനമാണ് ഹമാസ് ആഗ്രഹിച്ചതെന്നും ഇസ്രയേൽ ആർമി വക്താവ് പറഞ്ഞു. ഹമാസ് ഭീകരർ പൗരന്മാരെയും കുഞ്ഞുങ്ങളെയും പ്രായമായ സ്ത്രീകളെയും പോലും വെറുതെ വിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഇരു വശത്തും മരിച്ചവരുടെ എണ്ണം ആയിരം കടന്നു.
അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) അടച്ചിട്ട മുറിയിൽ യോഗം ചേർന്നു. ഹമാസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കാൻ കൗൺസിലിലെ 15 അംഗങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടു. ഭൂരിഭാഗം രാജ്യങ്ങളും ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ചെങ്കിലും റഷ്യയും ചൈനയും അതിന് തയ്യാറായില്ല. പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്ന് എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടെങ്കിലും, ഐക്യകണ്ഠേന പ്രസ്താവന പുറപ്പെടുവിക്കുന്നതിൽ യോഗം പരാജയപ്പെട്ടു.
ഹമാസ് ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു. ഇപ്പോഴും ഇസ്രയേലിലെ പല പ്രദേശങ്ങളിലും ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്. സായുധ പോരാളികളെ പൂര്‍ണമായും തുരത്താന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല.
ഹമാസ് നേതാക്കള്‍ താമസിക്കുന്ന 180 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയെ പാടെ തകര്‍ക്കുന്ന നിലയിലാണ് നിലവില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ പുരോഗമിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍.
ഹമാസിനെ വേരോടെ നശിപ്പിക്കുമെന്നും യാതൊരു ദയയും കാണിക്കില്ലെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരിക്കുന്നത്.