വലതുപക്ഷ നേതാവ് ഹാവിയർ മിലേ അര്‍ജന്റീനയുടെ പുതിയ പ്രസിഡൻ്റ്

അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി വലതുപക്ഷ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി നേതാവ് ഹാവിയര്‍ മിലേ തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 56 ശതമാനം വോട്ട് നേടിയാണ് മിലേ എതിര്‍ സ്ഥാനാര്‍ത്ഥിയായ സെര്‍ജിയോ മാസ്സയെ തോല്‍പ്പിച്ചത്. 44 ശതമാനം വോട്ടാണ് സെര്‍ജിയോ മാസ്സ നേടിയത്.

പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യം, ദാരിദ്ര്യം എന്നിവ അതിജീവിച്ച് സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കലാണ് പ്രസിഡന്റ് എന്ന നിലയില്‍ ഹവിയര്‍ മിലേയുടെ ഏറ്റവും വലിയ വെല്ലുവിളി. കാലിയായ ഖജനാവാണ് മിലേയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള 4400 കോടി ഡോളറിന്റെ കടവും മിലേയ്ക്ക് മുന്നിലെ പ്രതിസന്ധിയായി നില്‍ക്കുന്നു.

എന്നാല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെ മുന്‍നിര്‍ത്തിക്കൊണ്ടു തന്നെ അധ:പതനത്തിന്റെ മാതൃക അവസാനിച്ചുവെന്നും ഇവിടെ നിന്നും ഇനി പിന്നോട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മിലേ പറഞ്ഞു. മിലേയുടെ വിജയം അര്‍ജന്റീനയുടെ രാഷ്ട്രീയ കാലാവസ്ഥയെയും സാമ്പത്തിക പദ്ധതികളെയും മാറ്റിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്മ്യൂണിസ്റ്റ് വിരുദ്ധനായ മിലേ ചൈനയുടെയും ബ്രസീലിന്റെയും വിമര്‍ശകനാണ്. അമേരിക്കന്‍ ബന്ധത്തെ അനുകൂലിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ മിലേയെ അഭിനന്ദിച്ച് രംഗത്തെത്തി. ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞായിരുന്നു അഭിനന്ദനം. യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മിലേയെ അഭിനന്ദിച്ചു.എന്നാല്‍ മേഖലയെ സംബന്ധിച്ച് ദുഖ ദിനമാണിതെന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചത്.

ഒക്ടോബറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞയുടനെ യാഥാസ്ഥിതികരുമായി എളുപ്പത്തിലുള്ള സഖ്യം മിലേയുണ്ടാക്കിയിരുന്നു. ഇത് അദ്ദേഹത്തിന്റെ പിന്തുണ വര്‍ധിപ്പിച്ചു. എന്നാല്‍ ശിഥിലമായ കോണ്‍ഗ്രസിനേയാണ് മിലേ അഭിമുഖീകരിക്കുന്നത്. അതായത് നിയമനിര്‍മാണം നടത്താന്‍ അദ്ദേഹത്തിന് മറ്റ് വിഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കണം. മിലേയുടെ സഖ്യത്തിനാകട്ടെ പ്രാദേശിക ഗവര്‍ണര്‍മാരോ മേയര്‍മാരോ നിലവിലില്ല..

Outsider Javier Milei wins Argentina’s presidential election