കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 2,400-ലധികം ആളുകൾ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം. അഫ്ഗാനിൽ പോയ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം കൂടിയാണിത്. പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഒട്ടേറെപ്പേർക്കു പരുക്കേറ്റു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് അഫ്ഗാനിൽ വൻ നാശം വിതച്ചത്. ഈ മേഖലയിൽ ഏഴോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നൽകുന്ന വിവരം.
ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ 50,000 പേർ കൊല്ലപ്പെട്ടതിന് ശേഷം ഈ വർഷം ലോകത്തിലെ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പം.
മരണസംഖ്യ 2,445 ആയി ഉയർന്നതായി ദുരന്ത മന്ത്രാലയത്തിന്റെ വക്താവ് ജനൻ സയീഖ് റോയിട്ടേഴ്‌സിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. രണ്ടായിരത്തിലധികം പേർക്ക് പരിക്കേറ്റു.1,320 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്‌തിട്ടുണ്ടെന്നും സയീഖ് പറഞ്ഞു.