തൃശ്ശൂർ: കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാൽ. 2021ൽ തൃശൂരിൽ പാർട്ടിക്കാർ തന്നെയാണ് തന്നെ തോൽപിച്ചതെന്ന് പത്മജ പറഞ്ഞു. കരുണാകരൻ്റെ മകൾ എന്ന പ്രിവിലേജ് കൊണ്ട് മാത്രമാണ് താൻ ഇതുവരെ പിടിച്ചുനിന്നത്. തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയാലും തോൽപ്പിക്കുമെന്നും പത്മജ തുറന്നടിച്ചു. കൂടുതൽ പറഞ്ഞാൽ പാർട്ടിയെ ബാധിക്കുമെന്നും അതുകൊണ്ട് പലതും ഉള്ളിലടക്കുകയാണെന്നും ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് പത്മജ വേണുഗോപാൽ പറഞ്ഞത്.
“രാഷ്ട്രീയത്തില്‍ വനിതകള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. അതെല്ലാം മറികടന്ന് മുന്നോട്ട് വരുമ്പോഴും, സ്ത്രീകളാണെന്ന് കണ്ടാൽ പാര്‍ട്ടിക്കാരില്‍ പലര്‍ക്കും പുച്ഛമാണ്. കരുണാകരന്റെ മകൾ ആയതുകൊണ്ട് ചില പ്രിവിലേജുകൾ എനിക്ക് കിട്ടി. പക്ഷേ ഒരു സാധാരണ സ്ത്രീക്ക് രാഷ്ട്രീയം ഭയങ്കര ബുദ്ധിമുട്ടാണ്. കാണാൻ നല്ല സ്ത്രീ ആണെങ്കിൽ തീർന്നു. എല്ലാവരും കൂടി അതിന്റെ ജീവിതം കുട്ടിച്ചോറാക്കും. അപവാദങ്ങള്‍ പറഞ്ഞു പരത്തും. പിന്നെ ആരാണ് പാര്‍ട്ടിയിലേക്ക് കടന്നുവരിക” പത്മജ വേണുഗോപാല്‍ ചോദിക്കുന്നു.
“സ്ത്രീകള്‍ തിരഞ്ഞെടുപ്പിന് നിന്നാലോ; കാര്യങ്ങള്‍ അവര്‍ തന്നെ നോക്കട്ടെ എന്ന നിലപാടാണ് പലർക്കും. എനിക്ക് സീറ്റ് തന്നത് കോണ്‍ഗ്രസ് പാർട്ടിയാണ്. അതില്‍ സോണിയ ഗാന്ധിയോട് കടപ്പാടുണ്ട്. സ്ത്രീകൾ കടന്നുവരണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സീറ്റ് നല്‍കി തോൽപിക്കുകയാണ് ഇവിടെയുള്ളവരുടെ പരിപാടി.” 2021ൽ തൃശൂരിൽ പാർട്ടിക്കാർ തന്നെയാണ് തന്നെ തോൽപിച്ചത് എന്നും പത്മജ പറഞ്ഞു. “കൂടെ നിന്നവർ തന്നെയാണ് ചതിച്ചത്. വോട്ടുമറിക്കൽ വരെ നടന്നു.”