കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; കടുംകൈ ചെയ്തത് കടബാധ്യത മാറ്റാന്‍, കുട്ടിയുടെ അച്ഛനുമായി ബന്ധമില്ല

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളും അറസ്റ്റില്‍. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് സ്വദേശികളായ പത്മകുമാർ, ഭാര്യ എം ആർ അനിതകുമാരി, മകള്‍ പി അനുപമ എന്നിവരുടെ അറസ്റ്റ് പൂയപ്പള്ളി പോലീസാണ് രേഖപ്പെടുത്തിയത്. ഇന്നലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലർച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. മൂവരേയും കൊല്ലം എസ് പിയുടെ സ്‌ക്വാഡ് തെങ്കാശി പുളിയറയില്‍നിന്ന് ഇന്നലെയാണ് പിടികൂടിയത്.

കേസില്‍ പത്മകുമാർ ആദ്യം നല്‍കിയ മൊഴി കളവാണെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ലെന്നും സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇത്തരത്തിലൊരു കടുംകൈക്ക് ഇവര്‍ മുതിര്‍ന്നതെന്നുമാണ് വിവരം.

തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം.

തട്ടിക്കൊണ്ടുപോകല്‍ ഇത്ര വലിയ വാര്‍ത്തയാകുമെന്ന് പദ്മകുമാറും കുടുംബവും വിചാരിച്ചിരുന്നില്ല. സിസിടിവി ഇല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുക, സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, വാഹനത്തിന് വ്യാജ നമ്പര്‍ ഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്തതുകൊണ്ടാണ് നാലുദിവസംവരെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ക്ക് സ്വര്യവിഹാരം നടത്താനായത്.

പദ്മകുമാറിന്റെ ഭാര്യയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് ആദ്യം അഞ്ച് ലക്ഷവും പിന്നീടത് 10 ലക്ഷവുമാക്കി മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ഈ ശബ്ദവും ആരുടേതാണെന്ന് കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തിരിച്ചറിഞ്ഞു. ഇതും കേസിന് നിര്‍ണ്ണായക വഴിത്തിരിവായിരുന്നു.

എന്നാല്‍ എല്ലാ പ്ലാനുകളും തെറ്റിച്ചത് രേഖാ ചിത്രങ്ങളായിരുന്നു. സംസ്ഥാനത്ത് ഇത്രയധികം സാമ്യമുള്ള രേഖാ ചിത്രങ്ങള്‍ ഈ അടുത്തകാലത്തൊന്നും വന്നിട്ടില്ലെന്നത് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു. ഇതാണ് കേസിന് നിര്‍ണ്ണായക വഴിത്തിരിവായതും. കുട്ടി പറഞ്ഞുകൊടുത്ത അടയാളങ്ങള്‍ വെച്ച്
ദമ്പതികളായ സ്മിതയും ഷജിത്തുമാണ് ഈ രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയത്. ഇരുവരും ചിത്രകാരായ ദമ്പതികളാണ്. ആദ്യമായാണ് ഇത്തരമൊരു രേഖാചിത്രം ഇരുവരും വരയ്ക്കുന്നത്. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് രേഖചിത്ര പൂര്‍ത്തിയാക്കിയത് എന്ന് ദമ്പതികള്‍ പറഞ്ഞു.

More Stories from this section

family-dental
witywide