ഇസ്ലാമാബാദ്: പാസ്പോര്‍ട്ട് പ്രിന്‍റ് ചെയ്യുന്നതിനുള്ള ലാമിനേഷന്‍ പേപ്പറിന്‍റെ ക്ഷാമത്തെ തുടര്‍ന്ന് പാക്കിസ്ഥാനിൽ പ്രിന്‍റിങ് നിര്‍ത്തിവച്ചതായി അധികൃതര്‍. പാസ്പോർട്ട് ലാമിനേഷൻ പേപ്പർ വാങ്ങാൻ പണമില്ലാത്തതിനാലാണ് അച്ചടി നിർത്തിയത്. പ്രതിദിനം മൂവായിരത്തിൽ കൂടുതൽ പാസ്സ്പോർട്ടുകൾ വിതരണം നടന്നിരുന്നത് ഇപ്പോൾ പ്രതിദിനം പതിമൂന്നെണ്ണത്തിൽ കുറവ് പാസ്പോർട്ടുകളേ വിതരണം ചെയ്യുന്നുള്ളൂ. 2013 ലും പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സമാനസ്ഥിതി ഉടലെടുത്തിരുന്നു.
ഇതോടെ പഠനത്തിനും ജോലിക്കും വിനോദ-വ്യാപാര ആവശ്യങ്ങള്‍ക്കായും വിദേശത്തേക്ക് പോകേണ്ടവരുടെ നില പരുങ്ങലിലാകും. എപ്പോഴത്തേക്ക് ക്ഷാമം പരിഹരിക്കാനാകുമെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് കൃത്യമായ മറുപടി ഇല്ലാത്തതും വിദ്യാര്‍ഥികളടക്കമുള്ളവരെ വലയ്ക്കുകയാണ്.
ഫ്രാന്‍സില്‍ നിന്നുമാണ് ലാമിനേഷന്‍ പേപ്പര്‍ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്തുവന്നിരുന്നത്. അനിശ്ചിതാവസ്ഥ ഉടന്‍ പരിഹരിക്കാനാകുമെന്നും ആശങ്ക വേണ്ടെന്നുമാണ് വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയുമുള്ള പാക്കിസ്ഥാനില്‍ നിന്നും വിദ്യാര്‍ഥികള്‍ യുകെ, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. പലയിടത്തും പുതിയ സെമസ്റ്റര്‍ വൈകാതെ ആരംഭിക്കുമെന്നതിനാല്‍ തന്നെ രേഖകള്‍ കൈമാറുകയും വൈകാതെ അതത് രാജ്യങ്ങളിലേത്തിച്ചേരുകയും ആവശ്യമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പാസ്പോര്‍ട് കിട്ടാന്‍ വൈകിയാല്‍ ഭാവി തന്നെ അനിശ്ചിതത്വത്തിലാകും എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.