ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിന്റെ വലംകൈ എന്ന് അറിയപ്പെട്ടുന്ന മുഫ്തി കൈസര്‍ ഫാറൂഖിനെ പാക്കിസ്ഥാനില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പിന്നില്‍ നിന്നാണ് വെടിവെച്ചത്. അജ്ഞാതരുടെ വെടിവെപ്പില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് കൂടി പരുക്കേറ്റു. ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശിയാണ് മുഫ്തി കൈസര്‍ ഫാറൂഖ്. ആരും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
കറാച്ചിയിലെ സമാനബാദിലെ തിരക്കേറിയ സ്ട്രീറ്റില്‍ വെച്ചായിരുന്നു കൈസറിന് നേരെ വെടിവെപ്പുണ്ടായത്. വെടിയേറ്റ് വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിരുന്ന അഞ്ചാമത്തെ ആളാണ് ഈ വര്‍ഷം പാക്കിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ലഷ്കറെ തയിബയുടെസ്ഥാപക നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരമുമായ ഹാഫിസ് സെയ്ദിന്റെ മകൻ കമാലുദ്ദീൻ സൈദ് കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവരുന്നുണ്ട്. കാറിലെത്തിയ ഒരു സംഘം പെഷാവറിൽനിന്ന് 27 നാണ് കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയത്. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് കമാലുദ്ദീന്റെ വിവരങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞി’ല്ലെന്ന് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
നിരവധി ലഷ്‌കർ-ഇ-തയ്ബ പ്രവർത്തകരുടെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തിൽ കമാലുദ്ദീൻ്റെയും കൈസര്‍ ഫാറുഖിൻ്റെയും മരണം പാക്കിസ്ഥാനില്‍ വളരെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രണ്ട് സ്ഫോടനങ്ങളിലായി 58 ആളുകള്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. ഒന്ന് ഒരു ചാവേര്‍ ആക്രമണമായിരുന്നു.
ലഷ്കറെ തയിബ സംഘടനയിലെ പുരോഹിതനായ മൗലാന സിയാവുർ റഹ്മാൻ കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു. പിന്നാലെ സുരക്ഷാ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ ഒരു ഡസനിലധികം ലഷ്കർ പ്രവർത്തകരെയും അനുഭാവികളെയും ഐഎസ്‌ഐ സുരക്ഷിതകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ട് പാക് അധിനിവേശ കശ്മീരിലെ പള്ളിയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ പാക് ഭീകരനായ റിയാസ് അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയ ലഷ്കര്‍ ഭീകരനായിരുന്നു റിയാസ് അഹമ്മദ്. ഈ ആക്രമണങ്ങളൊക്കെ കൃത്യമായ ആസൂത്രണത്തിനൊടുവില്‍ നടപ്പാക്കിയതാണെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇതുവരെ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല.
Pakistani terrorist shot dead by unidentified persons in Karachi