മലപ്പുറം: തലയിരിക്കുമ്പോള്‍ വാലാടുന്ന സ്വഭാവം ശരിയല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയുടെ മസ്തിഷ്‌കം മുസ്ലീം ലീഗിനൊപ്പമാണെന്നും തങ്ങള്‍ പറഞ്ഞു. എന്നും അങ്ങനെ തന്നെയാണ്. ലീഗും സമസ്തയുമായി യോജിച്ചാണ് മുന്നോട്ട് പോകുന്നത്. സമസ്തയും മുസ്ലീം ലീഗും തമ്മില്‍ ഇന്നേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
തട്ടമിടുന്നവരെ പ്രകോപിപ്പിക്കുന്ന പരാമര്‍ശത്തെയാണ് മുസ്ലീം ലീഗ് എതിര്‍ത്തത്. ഇക്കാര്യത്തില്‍ അനാവശ്യ വിവാദത്തിന് സമയമില്ലെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. തട്ടമിടുന്നവരെ പ്രകോപിപ്പിക്കുന്ന പരാമര്‍ശത്തെയാണ് പാര്‍ട്ടി വക്താവ് പിഎംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ വേറെ തരത്തില്‍ വഴി തിരിച്ചുവിടാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. തന്റെ പരാമര്‍ശം സമസ്തയുടെ ജിഫ്രി തങ്ങളെയോ മറ്റാരെയും ഉദ്ദേശിച്ചല്ലെന്ന് അദ്ദേഹം തന്നെ പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റാരും പറയുന്നതല്ല അദ്ദേഹം പറയുന്നതാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സമസ്ത നേതാക്കളുടെ കത്തിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അത്തരമൊരു കത്തിന് മറുപടി പറയേണ്ടതില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തട്ടം പരാമര്‍ശവുമായി ബന്ധപ്പെട്ട് സമസ്തയുടെ നേതാക്കള്‍ ആരും തന്നെ മുസ്ലീം ലീഗിന്റെ അഭിപ്രായം തേടുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. ജിഫ്രി തങ്ങളോ സമസ്തയുടെ മറ്റ് ഉന്നത നേതാക്കള്‍ ആരുംം തന്നെ ലീഗിനെക്കുറിച്ച് അങ്ങനെ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.