പാനായിക്കുളം സിമി ക്യാമ്പ് കേസ്: എന്‍ഐഎ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻഐഎ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെവിട്ടതിനെതിരെ എൻഐഎ സമർപിച്ച അപ്പീൽ സുപ്രീം കോടതി തള്ളി.

കേസില്‍ കുറ്റക്കാരെന്ന് എൻഐഎ കോടതി കണ്ടെത്തി 14 വര്‍ഷം കഠിന തടവിന് വിധിച്ച ഒന്നും രണ്ടും പ്രതികളും ഈരാറ്റുപേട്ട സ്വദേശികളുമായ ഹാരിസ് എന്ന പി എ ഷാദുലി, അബ്ദുൽ റാസിക്, 12 വർഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അൻസാർ നദ്വി, നാലാം പ്രതി പാനായിക്കുളം സ്വദേശി നിസാമുദ്ദീൻ എന്ന നിസുമോൻ, അഞ്ചാം പ്രതി ഈരാറ്റുപേട്ട സ്വദേശി ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്.

പതിനൊന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻഐഎ നൽകിയ ഹർജി തള്ളിയായിരുന്നു ഹൈക്കോടതി ഉത്തരവ്.ആദ്യം പ്രതിയാക്കുകയും പിന്നീട് മാപ്പ് സാക്ഷിയാക്കുകയും ചെയ്തയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശിക്ഷയെന്നും ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾക്കൊന്നും മതിയായ തെളിവില്ലെന്നും വിലയിരുത്തിയാണ് പ്രതികളെ വെറുതെവിട്ടത്.

രാജ്യദ്രോഹക്കുറ്റം, നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കൽ, നിയമവിരുദ്ധ കൂട്ടായ്മയിൽ പങ്കാളിയാവൽ തുടങ്ങി ഇവർക്കെതിരെ ചുമത്തയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിരോധിത സംഘടനയായ സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്‌മെൻറ് ഓഫ് ഇന്ത്യ 2006 ഓഗസ്റ്റ് 15ന് ആലുവക്കടുത്ത് പാനായിക്കുളത്ത് യോഗം ചേര്‍ന്നുവെന്നാണ് കേസ്. ‘സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിംങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ ക്ലാസില്‍ സിമിയുടെ ലക്ഷ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും രാജ്യത്തെ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ആഹ്വാനം നടത്തിയെന്നുമായിരുന്നു കുറ്റപത്രം. 17 പേരെയാണ് കേസിൽ പ്രതിയാക്കിയിരുന്നത്. ബിനാനിപുരം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക സംഘം അന്വേഷിച്ചു. ഇതിന് ശേഷമാണ് അന്വേഷണം എൻഐഎക്ക് കൈമാറിയത്.

Panayikulam SIMI camp case: Supreme Court upholds High Court order

More Stories from this section

family-dental
witywide