വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍; ലോക്‌സഭയില്‍ പ്രതിഷേധിച്ച 50 പ്രതിപക്ഷ എംപിമാരെക്കൂടി പുറത്താക്കി

ഡല്‍ഹി: പാര്‍ലമെന്റിലെ അതിക്രമത്തില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ലോക്‌സഭയില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍. അമ്പത് എംപിമാരെക്കൂടി ഇന്ന് പുറത്താക്കി. ഇതോടെ ആകെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 142 ആയി. കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, സുപ്രിയ സുളെ, അബ്ദുല്‍ സമദ് സമദാനി എന്നിവരെ അടക്കമാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. സോണിയയെയും രാഹുലിനെയും സസ്‌പെന്‍ഷനില്‍ നിന്ന് ഒഴിവാക്കി.

ചൊവ്വാഴ്ച രാവിലെ ലോക്‌സഭാ സമ്മേളനം ചേര്‍ന്നപ്പോള്‍ തന്നെ ‘പ്രധാനമന്ത്രി സഭയില്‍ പങ്കെടുക്കണം, ആഭ്യന്തര മന്ത്രി രാജിവയ്ക്കണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം തുടങ്ങി. ഇതോടെ അഞ്ച് മിനുട്ടിനുള്ളില്‍ സഭാ നടപടികള്‍ നിര്‍ത്തി വെക്കുകയും പ്രതിഷേധിച്ച എംപിമാരെ പുറത്താക്കുകയുമായിരുന്നു. പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

ഇരുസഭകളിലും പ്രതിഷേധിച്ച 78 പ്രതിപക്ഷ എംപിമാരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സമ്മേളനകാലാവധിയായ 22 വരെയാണ് എംപിമാരുടെ സസ്‌പെന്‍ഷന്‍. അതേസമയം ലോക്‌സഭയില്‍ മൂന്ന് പേരെയും രാജ്യസഭയില്‍ പതിനൊന്ന് പേരെയും അവകാശലംഘന സമിതിയുടെ അന്വേഷണത്തിനു ശേഷമേ തിരിച്ചെടുക്കൂ. പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ ഇവരുടെ സസ്‌പെന്‍ഷന്‍ തുടരും.