
പാർലമെന്റിലെ സുരക്ഷാവീഴ്‌ചയിൽ ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന ആവശ്യപ്പെട്ട പ്രതിപക്ഷാംഗങ്ങളെ കൂട്ടമായി പുറത്താക്കിയശേഷം വിവാദ ബില്ലുകളെല്ലാം ഏകപക്ഷീയമായി പാസാക്കി ശീതകാല സമ്മേളനം മോദി സർക്കാർ ഒരു ദിവസം മുമ്പേ അവസാനിപ്പിച്ചു. കഴിഞ്ഞയാഴ്‌ചയുണ്ടായ പുക ബോംബ് ആക്രമണത്തിനുശേഷം പാർലമെന്റിലേക്ക് കാണാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ലോക്‌സഭയിലെത്തി. വ്യാഴാഴ്‌ചയും മൂന്ന് പ്രതിപക്ഷ എംപിമാരെക്കൂടി സസ്‌പെൻഡ് ചെയ്‌തു. ഇതോടെ സമ്മേളനത്തിൽ സസ്‌പെൻഷനിലായ എംപിമാരുടെ എണ്ണം 146 ആയി.
മൂന്ന് ക്രിമിനൽ നിയമഭേദഗതി ബില്ലിനു പുറമെ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമന ബിൽ, ടെലികമ്യൂണിക്കേഷൻസ് ബിൽ, പ്രസ് രജിസ്‌ട്രേഷൻ ബിൽ എന്നിവ ഇരുസഭകളിലുമായി പാസാക്കി. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ ഡി കെ സുരേഷ്, നകുൽനാഥ്, ദീപക് ബെയ്‌ജ് എന്നിവരെയാണ് ലോക്‌സഭയിൽനിന്ന് വ്യാഴാഴ്‌ച സസ്‌പെൻഡ് ചെയ്‌തത്.
സുരക്ഷാവീഴ്‌ചയിൽ നടപടി ആവശ്യപ്പെട്ട് എംപിമാർ നടുത്തളത്തിലിറങ്ങി. ഇതോടെ സർക്കാർ സസ്‌പെൻഷൻ പ്രമേയം കൊണ്ടുവന്നു. പ്രതിപക്ഷ എംപിമാർ രാവിലെ പാർലമെന്റിൽനിന്ന് രാഷ്ട്രപതി ഭവനു മുന്നിലുള്ള വിജയ്‌ചൗക്കിലേക്ക് പ്രകടനമായി നീങ്ങി.ഇന്ന് എംപിമാർ ജന്തർ മന്തറിൽ പ്രതിഷേധിക്കും.
Parliament winter session ends