മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍; മറുപടി ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി

കൊച്ചി: പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പെന്‍ഷന്‍ പൂര്‍ണമായി നല്‍കുന്നതിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പെന്‍ഷന്‍ നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തില്‍ സര്‍ക്കാരിന്റെ മറുപടി ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി വീക്ഷിച്ചു. വിധവാ പെന്‍ഷനായി 1600 രൂപയാണ് മറിയക്കുട്ടിക്ക് മാസംതോറും ലഭിക്കേണ്ടത്. പെന്‍ഷന്‍ ലഭിക്കാതെ മറിയക്കുട്ടിയെപ്പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു. ഉച്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും അപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മറിയക്കുട്ടിയുടെ പെന്‍ഷന്‍ വിഷയത്തില്‍ ഇന്നലേയും ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നത്തേക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര ഫണ്ട് വൈകുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഉച്ചയ്ക്കുശേഷം മറുപടി നല്‍കിയേക്കും.

More Stories from this section

family-dental
witywide