വാഷിംഗ്ടണ്‍ ഡി സി: രണ്ട് ഇസ്രയേല്‍ കപ്പലുകളെ ആക്രമിച്ചതായി അവകാശപ്പെട്ട് യെമനിലെ ഹൂതി ഗ്രൂപ്പ് രംഗത്ത്. ഞായറാഴ്ച ചെങ്കടലില്‍ അമേരിക്കയുടെ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ടെന്ന പെന്റഗണിന്റെ സ്ഥീരികരണത്തിനു പിന്നാലെയാണ് ഹൂതികളുടെ അവകാശ വാദം. ഡ്രോണും നാവിക മിസൈലും ഉപയോഗിച്ചാണ് ഇസ്രയേല്‍ കപ്പലുകളെ ആക്രമിച്ചതെന്നും ഹൂതി വക്താവ് പറഞ്ഞു.
മുന്നറിയിപ്പുകള്‍ നിരസിച്ചതിനെത്തുടര്‍ന്നാണ് യൂണിറ്റി എക്‌സ്‌പ്ലോറര്‍, നമ്പര്‍9 എന്നീ ഇസ്രയേലി കപ്പലുകളെ ലക്ഷ്യം വെച്ചതെന്ന് ഹൂതി വക്താവ് പറഞ്ഞു. യമന്‍ ജനതയ്ക്കുള്ള ആവശ്യത്തിനും അതോടൊപ്പം പലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കാനുമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ ആഹ്വാനമാണ് ഈ ആക്രമണമെന്നും ഹൂതി വക്താവ് പ്രതികരിച്ചു. നേരത്തെ നവംബറില്‍ യെമനില്‍ ചെങ്കടലില്‍ വെച്ച് ഇസ്രയേലുമായി ബന്ധമുള്ള വാഹന ഗതാഗത കപ്പലും ഹൂത്തികള്‍ പിടിച്ചെടുത്തിരുന്നു.
അതേസമയം ഞായറാഴ്ച ചെങ്കടലില്‍ യുഎസ് യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ടതായി പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നും സ്വയം പ്രതിരോധത്തിനായി തങ്ങളുടെ കപ്പലുകളില്‍ നിന്ന് വെടിയുതിര്‍ത്തതായും പെന്റഗണ്‍ അവകാശപ്പെട്ടു.
ഒരു അമേരിക്കന്‍ യുദ്ധക്കപ്പലും ഒന്നിലധികം വാണിജ്യക്കപ്പലുകളും ആക്രമിക്കപ്പെട്ടതായാണ് പെന്റഗണ്‍ നല്‍കുന്ന വിവരം. തെക്കന്‍ ചെങ്കടലില്‍ അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് കാര്‍ണിയാണ് ആക്രമിക്കപ്പെട്ടത്. യുദ്ധത്തില്‍ ഹൂതികള്‍ ഇസ്രയേലിനുനേരെ തൊടുത്ത ഒന്നിലധികം റോക്കറ്റുകള്‍ ഇതിനകം വെടിവച്ചിട്ട ആര്‍ലീ ബര്‍ക്ക് ക്ലാസ് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് കാര്‍ണി. ആക്രമണത്തില്‍ ഇതിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി.