മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പുതുതായി 270 തസ്തികകള്‍; മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി.
262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്.

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായം നിലവിലെ 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നഗരവല്‍ക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് സമഗ്രമായ കേരള നഗരനയ കമ്മീഷന്‍ രൂപീകരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും.

കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീഷിക്കുന്നത്. സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ രൂപീകരണവും നടത്തിപ്പും സംബന്ധിച്ച് കെ – ഡിസ്‌ക്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്റ് എന്‍വയോണ്‍മെന്റ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി എന്നിവര്‍ ചേര്‍ന്ന് ഒപ്പിടേണ്ട ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു.

മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസര്‍ച്ച്. ഒരേ പരിതസ്ഥിതിയില്‍ ഒരുമിച്ച് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസര്‍ച്ച്.

More Stories from this section

family-dental
witywide