ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡേറ്റാ ബാങ്കില്‍ നിന്ന് 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി നാലുപേരെയാണ് ഡല്‍ഹി പൊലിസ് പിടികൂടിയത്.
ഒക്ടോബറില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പാസ്പോര്‍ട്ട് രേഖകളും ആധാറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം ആദ്യമാണ് ഡേറ്റാ ചോര്‍ച്ചയില്‍ ഡല്‍ഹി പൊലിസ് സ്വമേധയാ ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), പാക്കിസ്ഥാനില്‍ ആധാര്‍ പോലെ ഉപയോഗിക്കപ്പെടുന്ന കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് (സിഎന്‍ഐസി) എന്നിവയുടെ വിവരങ്ങളും മോഷ്ടിച്ചതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് വിവരം.
ഒഡിഷയില്‍ നിന്നുള്ള ബി.ടെക് ബിരുദധാരി, ഹരിയാനയില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച രണ്ട് പേര്‍, ഝാന്‍സിയില്‍ നിന്നുള്ള ഒരാള്‍ എന്നിങ്ങനെയാണ് അറസ്റ്റുചെയ്തവരെ സംബന്ധിച്ചുള്ള വിവരം. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഇവരെല്ലാം മൂന്ന് വര്‍ഷം മുമ്പ് ഒരു ഗെയിമിംഗ് പ്ലാറ്റ്ഫോമില്‍ വച്ച് കണ്ടുമുട്ടിയതാണ്. പിന്നീട് സുഹൃത്തുക്കളായെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ അറസ്റ്റിലായവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പെട്ടെന്ന് പണം സമ്പാദിക്കാന്‍ തീരുമാനിച്ചാണ് ഇവര്‍ കുറ്റകൃത്യം നടത്തിയതെന്നും പൊലിസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.