കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഒരു ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്നും കോടതി ചോദിച്ചു.
ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന് 25,000 രൂപ പിഴയും ചുമത്തി. അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്യൂണിറ്റിയാണ് കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. കൂടല്ലൂരിലെ ക്ഷീരകര്‍ഷകന്‍ പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കില്‍ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്.
ഈ ഉത്തരവിനെതിരെയാണ് അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്യൂണിറ്റി കോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഡിസംബര്‍ 10ലെ ഉത്തരവെന്ന് ആരോപിച്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഏത് കടുവയാണ് ആക്രമിച്ചതെന്ന് തെളിഞ്ഞിട്ടില്ലെന്നും പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവെക്കാവൂ എന്നും മാര്‍ഗരേഖ പാലിക്കാതെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.