അസംബന്ധം പറയരുത്; ദേവഗൗഡ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടേതായി പുറത്തുവന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ദേവഗൗഡ അസത്യം പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ജനതാദള്‍-എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എൽ.ഡി.എഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.

തങ്ങള്‍ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ലെന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്.

ദേശീയ തലത്തിൽ ബിജെപിയുമായി സംഖ്യമുണ്ടാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ നൽകിയിരുന്നു എന്നായിരുന്നു ജെഡിഎസ് ദേശീയ അധ്യക്ഷന്റെ ആരോപണം. ബിജെപി സംഖ്യമുണ്ടാക്കുന്നത് ജെഡിഎസിനെ രക്ഷിക്കാനെണെന്ന ധാരണയിൽ ജെഡിഎസ് കേരള ഘടവും ഇതിനെ അനുകൂലിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide